പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും മനുഷ്യനെപ്പോലെ ബുദ്ധിയുള്ള ജീവനുകള്‍ ഉണ്ടായിരിക്കാമെന്ന വാദവുമായി പുതിയൊരു പഠനം. പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പരമ്പരാഗത “ഹാർഡ് സ്റ്റെപ്പ്സ്” സിദ്ധാന്തത്തെ വെല്ലുവിളിക്കുന്ന പഠനവുമായി എത്തിയിരിക്കുന്നത്. സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച ഈ പുതിയ പഠനം പറയുന്നത്, ഇതുവരെ വിശ്വസിച്ചിരുന്നതുപോലെ ബുദ്ധിശക്തിയുള്ള ജീവൻ അത്ര അപൂർവമായിരിക്കില്ല എന്നാണ്. അതായത്, മറ്റ് ഗ്രഹങ്ങളിൽ മനുഷ്യസമാന നാഗരികതകൾ നിലനിൽക്കാനുള്ള സാധ്യതയുണ്ട് എന്ന് ഈ പഠനം വാദിക്കുന്നു. ബുദ്ധിയുള്ള ജീവൻ അവിശ്വസനീയമാംവിധം അസംഭവ്യമായ ഒന്നാണെന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള “കഠിനമായ ചുവടുവയ്പ്പുകൾ” (Hard Steps) എന്ന സിദ്ധാന്തത്തെ ഈ പുതിയ പഠനം തിരുത്തുന്നു. 1983-ൽ ഭൗതികശാസ്ത്രജ്ഞനായ ബ്രാൻഡൻ കാർട്ടർ മുന്നോട്ടുവച്ച “ഹാർഡ് സ്റ്റെപ്സ്” സിദ്ധാന്തത്തെയാണ് സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം വെല്ലുവിളിക്കുന്നത്.