വാഷിങ്ടണ്‍ ഡിസി : റഷ്യയുടെ യുക്രൈന് അധിനിവേശവുമായി ബന്ധമുള്ള പ്രതിരോധ രഹസ്യങ്ങളും അമേരിക്കയുടെ സുപ്രധാന രഹസ്യ രേഖകളും ചോര്‍ന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന എയര്‍ നാഷണല്‍ ഗാര്‍ഡ് അംഗത്തെ മസാച്യുസെറ്റ്സില്‍ നിന്ന് എഫ്ബിഐ അറസ്റ്റ് ചെയ്തു.
നോര്‍ത്ത് ഡൈടണ്‍ പട്ടണത്തിലെ വീട്ടില്‍ വച്ചാണ് പ്രതിയെന്ന് സംശയിക്കുന്ന ജാക്ക് ടെയ്ക്സെയ്റയെ(21) എഫ്ബിഐ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം അവസാനത്തിനും മാര്‍ച്ചിനുമിടയില്‍ അതീവരഹസ്യമായ രേഖകളുടെ നൂറുകണക്കിന് ഫോട്ടോഗ്രാഫുകള്‍ ആദ്യമായി അപ്ലോഡ് ചെയ്ത ഒരു ഓണ്‍ലൈന്‍ ചാറ്റ് ഗ്രൂപ്പിന്റെ അഡ്മിനാണ് ടെയ്സീറ.
‘തഗ് ഷേക്കര്‍ സെന്‍ട്രല്‍’ എന്നാണ് ഈ ഓണ്‍ലൈന്‍ ഗ്രൂപ്പിന്റെ പേര്. തോക്കുകള്‍, സൈനിക ഉപകരണങ്ങള്‍, വീഡിയോ ഗെയിമുകള്‍ എന്നിവയില്‍ താല്‍പ്പര്യമുള്ള 30 യുവാക്കളും കൗമാരക്കാരുമാണ് ഗ്രൂപ്പിലുള്ളത്. അമേരിക്കയുടെ സൈനിക, രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് പുറത്തുവന്ന രേഖകളില്‍, യുക്രൈന് സേന, വ്യോമ പ്രതിരോധം, സൈനിക ഉപകരണങ്ങള്‍, ആയുധങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.