കേപ്‌ടൗണ്‍: വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്കെതിരെ വിജയത്തിലേക്ക് നീങ്ങിയ ഇന്ത്യയെ ചതിച്ചത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ റണ്ണൗട്ടാണ്. നിര്‍ണായക അര്‍ധസെഞ്ചുറിയുമായി ടീമിനെ ഐതിഹാസിക ജയത്തിന് അടുത്ത് എത്തിച്ച ഹര്‍മന്‍റെ ചെറിയൊരു പിഴവാണ് ഇന്ത്യക്ക് ലോകകപ്പിന്‍റെ ഫൈനല്‍ ടിക്കറ്റ് നിഷേധിച്ചത്.
34 പന്തില്‍ 52 റണ്‍സെടുത്ത് തകര്‍ത്തടിച്ച ഹര്‍മന്‍ പതിനഞ്ചാം ഓവറിലാണ് പുറത്തായത്. അനായാസം രണ്ട് റണ്‍ ഓടിയെടുക്കാമായിരുന്നിട്ടും ക്രീസിന് അടുത്തെത്തിയപ്പോള്‍ കാട്ടിയ ചെറിയൊരു അലസതയാണ് ഇന്ത്യക്കും ഹര്‍മനും അര്‍ഹിച്ച വിജയം നഷ്ടമാക്കിയത്. പതിനാലാം ഓവര്‍ വരെ ഡ്രൈവിംഗ് സീറ്റിലായിരുന്നു ഇന്ത്യ. അപ്രതീക്ഷിത തിരിച്ചടിയില്‍ ഓസ്ട്രേലിയ പകച്ചു നില്‍ക്കുകയായിരുന്നു.ജോര്‍ജിയ വാറെഹാം എറിഞ്ഞ പതിനഞ്ചാം ഓവറില്‍ ഹര്‍മന്‍ സ്ക്വയര്‍ ലെഗ്ഗിലേക്ക് കളിച്ച പന്തില്‍ അനായാസം രണ്ട് റണ്‍ ഓടിയെടുക്കാമായിരുന്നു. എന്നാല്‍ രണ്ടാം റണ്‍ പൂര്‍ത്തിയാക്കാനായി ക്രീസിന് അടുത്തെത്തി ക്രീസിനുള്ളിലേക്ക് ബാറ്റ് വെച്ച ഹര്‍മന്‍റെ ബാറ്റ് ഗ്രൗണ്ടില്‍ തട്ടിനിന്നതോടെ അലീസ ഹീലി ബെയ്ല്‍സിളക്കി. 133 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യയുടെ സ്കോര്‍. ജയത്തിലേക്ക് വെറും 40 റണ്‍സിന്‍റെ അകലം. ഹര്‍മന്‍ പുറത്താവുന്നത് അവിശ്വസനീയതയോടെയാണ് ഡഗ് ഔട്ടിലിരുന്ന ടീം അംഗങ്ങള്‍ കണ്ടത്. വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഹര്‍മന്‍റെ പുറത്താകല്‍ കണ്ട് തലയില്‍ കൈവെച്ച് പോയി.
മൂന്നാം അമ്പയറുടെ തീരുമാനം വരുന്നതിന് മുമ്പെ ഔട്ടാണെന്ന് അറിയാമായിരുന്ന ഹര്‍മനാകട്ടെ തേര്‍ഡ് അമ്പയറുടെ തീരുമാനം വന്നതിന് പിന്നാലെ ദേഷ്യം കൊണ്ട് ബാറ്റ് വലിച്ചെറിഞ്ഞു. ഹര്‍മന്‍ പുറത്തായതോടെ താളം തെറ്റിയ ഇന്ത്യയെ ദീപ്തി ശര്‍മയും സ്നേഹ് റാണയും ചേര്‍ന്ന് അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുമെന്ന് തോന്നിച്ചെങ്കിലും ഓസീസിന്‍റെ ഫീല്‍ഡിംഗ് കരുത്തിനും ബൗളിംഗ് കരുത്തിനും മുന്നില്‍ ഇന്ത്യ മുട്ടുമടക്കി.