സ്വീഡനിലെയും ഇന്ത്യയിലെയും തൊഴിൽ സംസ്കാരവും സാഹചര്യവും താരതമ്യപ്പെടുത്തി ഒരു ഇന്ത്യൻ ടെക്കി. അങ്കുർ ത്യാഗി എന്ന യുവാവാണ് രണ്ട് രാജ്യങ്ങളിലും തൊഴിൽ ചെയ്യുന്നതിനെ തമ്മിൽ താരതമ്യപ്പെടുത്തിയിരിക്കുന്നത്. ജീവനക്കാരുടെ ക്ഷേമത്തിൻ്റെ കാര്യത്തിൽ സ്വീഡനാണ് ഉയർന്ന സ്കോർ സ്വന്തമാക്കുക എന്നാണ് ത്യാഗി പറയുന്നത്.
സ്വീഡൻ തന്നെ വ്യത്യസ്തമായ ഒരു ജീവിതരീതിയാണ് പരിചയപ്പെടുത്തിയത്. അവിടെ തൊഴിലുടമകൾക്ക് തങ്ങളുടെ ജീവനക്കാരെ അവർ ചെയ്യുന്ന ജോലിയിൽ വിശ്വാസമുണ്ട്. അതുപോലെ ജോലി മാത്രമല്ല, ജീവിതത്തിൽ കൃത്യമായ ബാലൻസുണ്ടാകുന്നത് കൂടുതൽ പ്രൊഡക്ടിവിറ്റിയിലേക്ക് നയിക്കുമെന്ന് അവർക്ക് അറിയാമെന്നും ത്യാഗി പറയുന്നു.
എന്നാൽ, മറുവശത്ത് ഇന്ത്യയിൽ, കഠിനാധ്വാനവും തിരക്കുള്ള സംസ്കാരവും മഹത്വവൽക്കരിക്കപ്പെടുകയാണ്. ഓവർടൈം ജോലി സാധാരണമാണ്. വൈകിയും ജോലി ചെയ്യുന്നത് എന്തോ ബഹുമതിയായിട്ടാണ് ഇന്ത്യയിലുള്ളവർ കാണുന്നത് എന്നാണ് ത്യാഗി പറയുന്നത്.
ലഖ്നൗവിലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അങ്കുർ ത്യാഗി 2021 -ലാണ് സ്വീഡനിലേക്ക് മാറുന്നത്. അതിനുമുമ്പ് അദ്ദേഹം ഇന്ത്യയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി വർഷങ്ങളോളം ജോലി ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ ഒരിക്കലും തീരാത്ത ജോലികൾ ചെയ്യുന്നതിനെ വളരെ സാധാരണമായി കാണുന്നതിനെയും അദ്ദേഹം വിമർശിക്കുന്നുണ്ട്. തനിക്ക് ഒരു മാനേജരുണ്ടായിരുന്നു, അയാൾ രാത്രി 10 മണിയാവാതെ പോവില്ല, രാവിലെ 9 മണിക്ക് മുമ്പ് ഓഫീസിലെത്തുകയും ചെയ്യുമെന്ന് ഉദാഹരണമായി ത്യാഗി പറയുന്നു. ഓഫീസിൽ തന്നെ ഉറങ്ങുന്ന സഹപ്രവർത്തകരും തനിക്കുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു.
എന്നാൽ, സ്വീഡനിലെ അനുഭവം വളരെ വ്യത്യസ്തമായിരുന്നു. അവർക്ക് തങ്ങളുടെ ജോലിക്കാരെ വിശ്വാസമാണ്. പരസ്പരം പറഞ്ഞുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും. വർക്ക് -ലൈഫ് ബാലൻസ് അവിടെ ചെന്നപ്പോഴാണ് മനസിലായത് എന്നാണ് സ്വീഡനിലെ ജോലി സാഹചര്യങ്ങളെ അഭിനന്ദിച്ചുകൊണ്ട് ത്യാഗി പറയുന്നത്.
കഴിഞ്ഞ ജിവസം ഒരു അഭിഭാഷക തന്റെ ജൂനിയർ വൈകി ഓഫീസിൽ നിന്ന് ഇറങ്ങിയതുകൊണ്ട് പിറ്റേന്ന് വൈകിയേ വരൂ എന്ന് മെസ്സേജ് അയച്ചതിനെ വിമർശിച്ചുകൊണ്ട് ഒരു പോസ്റ്റിട്ടിരുന്നു. അത് വൈറലായി മാറി. പലരും അഭിഭാഷകയെ കുറ്റപ്പെടുത്തി. ത്യാഗിയുടെ പോസ്റ്റും അതുമായി ബന്ധപ്പെട്ടുള്ളതാണ്.
നിരവധി പുതുതലമുറ യുവാക്കൾ ത്യാഗിയെ അനുകൂലിച്ചുകൊണ്ട് പോസ്റ്റിന് കമന്റ് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ തൊഴിൽ സംസ്കാരം ഒട്ടും നല്ലതല്ല എന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം.