മൂന്നാം ലോക രാജ്യങ്ങളിലെ തെരുവുകളുടെ വൃത്തിഹീനത എന്നും ഒന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ പ്രധാന പ്രശ്നമായിരുന്നു. എന്നാല്‍, പുതിയ കോഴ്സുകള്‍ക്കും ജോലി സാധ്യതകളും തേടി മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് യൂറോപ്യന്‍, യുഎസ്. കാനഡ തുടങ്ങിയ കാര്യങ്ങളിലേക്ക് അടുത്തകാലത്തായി പോയിട്ടുള്ളത്. ഇത് പുതിയ പല പ്രവണതകള്‍ക്കും തങ്ങളുടെ രാജ്യങ്ങളില്‍ തുടക്കം കുറിക്കാന്‍ കാരണമായെന്ന് അതാത് രാജ്യങ്ങളില്‍ നിന്നുള്ളവർ പരാതി പറയാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. അടുത്തിടെ കാനഡയിലെ മഞ്ഞ്മൂടിയ ഒരു പ്രദേശത്ത് ചിതറിയ നിലയിലും കൂട്ടിയിട്ട നിലയിലും ധാരാളം പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യം കൂടിക്കിടക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് കൊണ്ട് ഒരു കനേഡിയന്‍ ആരാണ് ഇതിന്റെയൊക്കെ ഉത്തരവാദിയെന്ന് ചോദിച്ചപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ രോഷം പുകഞ്ഞു.
‘ഇന്ത്യയില്‍ നിന്നുള്ള വിദ്യാർത്ഥികൾ കാനഡയിലുടനീളമുള്ള കമ്മ്യൂണിറ്റികളെ നശിപ്പിക്കുന്നു,’ എന്നായിരുന്നു ഒരു എക്സ് ഉപയോക്താവ് വീഡിയോയ്ക്ക് താഴെ കുറിച്ചത്. വീഡിയോ ആദ്യം ടിക് ടോക്കിലാണ് പങ്കുവയ്ക്കപ്പെട്ടതെങ്കിലും പിന്നീട് വിവിധ സമൂഹ മാധ്യമങ്ങളിലും പങ്കുവയക്കപ്പെടുകയുണ്ടായി. മനോഹരമായ മഞ്ഞില്‍ ആകെ ചിതറിയ നിലയിലാണ് മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നത്. മാലിന്യം നിക്ഷേപിക്കാനുള്ള വേസ്റ്റ് ബിന്‍ ഉണ്ടെങ്കിലും അത് നിറഞ്ഞ് കവിഞ്ഞ അവസ്ഥയിലാണ്. തന്റെ അയല്പക്കം വളരെ മനോഹരമായിരുന്നെന്ന് വീഡിയോ പകര്‍ത്തുന്നയാള്‍ പറയുന്നത് കേള്‍ക്കാം. അയല്‍വാസികള്‍ വീട് വിറ്റു, ഇപ്പോള്‍ അവിടെ 10 വിദ്യാര്‍ത്ഥികള്‍ താമിസിക്കുന്നു. ഇത് പ്രശ്നകരമാണ്. വീഡിയോയിലെ ശബ്ദം കേള്‍ക്കാം.
വീഡിയോയിലെ ശബ്ദം കേള്‍ക്കാം. വീഡിയോയില്‍, വടക്കൻ ഒന്റാറിയോലെ, സാൾട്ടിൽ അന്താരാഷ്ട്രാ വിദ്യാർത്ഥികള്‍ അനധികൃതമായി മാലിന്യം തള്ളിയിരിക്കുന്നു. എന്ന് എഴുതിയിരിക്കുന്നതും കാണാം. വീഡിയോ ഇതിനകം ആറ് ലക്ഷത്തോളം പേര് കണ്ടുകഴിഞ്ഞു. ഏതാണ്ട് രണ്ടായിരത്തോളം പേര് വീഡിയോ തങ്ങളുടെ ഹാന്റിലുകളിലും റീ ട്വീറ്റ് ചെയ്തു. വീഡിയോയ്ക്ക് താഴെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയുള്ള നിരവധി കുറിപ്പുകള്‍ കൊണ്ട് നിറഞ്ഞു. 2024 -ല്‍ കനേഡിയന്‍ കുടിയേറ്റമന്ത്രായം 10,000 -ത്തിലധികം വ്യാജ ബിരുദങ്ങള്‍ പിടികൂടിയെന്നും അതില്‍ 80 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായിരുന്നെന്നും ഒരാള്‍ അവകാശപ്പെട്ടു. മറ്റ് ചിലര്‍ ഇത്തരം ആളുകളെ രാജ്യത്ത് നിന്നും നാട് കടത്തണമെന്നും ആവശ്യപ്പെട്ടു. ചിലര്‍ ദില്ലിയിലെ വൃത്തിഹീനമായ തെരുവുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് ‘നോക്കൂ, ദില്ലിയിലേക്ക് നോക്കൂ’ എന്ന് എഴുതി.