ചൈനയില്‍ നിന്നും കുറഞ്ഞ വിലയ്ക്കുള്ള സ്റ്റീല്‍ ഇന്ത്യയിലേക്ക് പ്രവഹിച്ചതോടെ സമ്മര്‍ദ്ദത്തിലായി ഇന്ത്യന്‍ സ്റ്റീല്‍ നിര്‍മാതാക്കള്‍. ഇതോടെ ആഭ്യന്തര വിപണിയില്‍ സ്റ്റീല്‍ വില കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മൂലം ചൈനയിലെ ആഭ്യന്തര ഡിമാന്‍ഡ് മന്ദഗതിയിലായതിനാല്‍ ആണ് അവര്‍ കയറ്റുമതി കൂട്ടിയത്. ചൈനയ്ക്ക് പുറമേ ദക്ഷിണ കൊറിയ, ജപ്പാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്റ്റീല്‍ ഇറക്കുമതി റെക്കോര്‍ഡ് നിലയിലാണ്. മാര്‍ച്ച് 12 മുതല്‍ പ്രാബല്യത്തില്‍ വന്ന സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 25 ശതമാനം താരിഫും ചൈന, കൊറിയ, ജപ്പാന് എന്നീ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് സ്റ്റീല്‍ കയറ്റി അയക്കുന്നത് കൂട്ടാനിടയാക്കി. യുഎസിലേക്കുള്ള മൊത്തം സ്റ്റീല്‍ ഇറക്കുമതിയുടെ 15 ശതമാനം ജപ്പാനില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമാണ്. വര്‍ധിച്ച ഇറക്കുമതിയും വിലത്തകര്‍ച്ചയും കാരണം ഇന്ത്യയിലെ രണ്ട് പ്രധാന സ്റ്റീല്‍ ഉല്പാദകരായ ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ കമ്പനികളുടെ റേറ്റിംഗ് ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് കുറച്ചു.
ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതി 41% കുറഞ്ഞ് 1.17 ദശലക്ഷം ടണ്ണായി . കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതി 1.97 ദശലക്ഷം ടണ്‍ ആയിരുന്നു. കയറ്റുമതി ഫെബ്രുവരിയില്‍ ഏകദേശം 16% കുറഞ്ഞ് 0.54 ദശലക്ഷം ടണ്ണായി, ജനുവരിയില്‍ ഇത് 0.63 ദശലക്ഷം ടണ്ണായിരുന്നു. യൂറോപ്പിലേക്ക് കയറ്റുമതിയിലാണ് പ്രധാനമായും ഇടിവുണ്ടായത്. കോവിഡിന് ശേഷം ഇന്ത്യയുടെ പ്രധാന വിപണിയാണ് യൂറോപ്പ്. എന്നാല്‍ ഫെബ്രുവരിയില്‍ ഇത് 18% കുറഞ്ഞ് 0.24 ദശലക്ഷമായി. മിഡില്‍ ഈസ്റ്റിലേക്കുള്ള കയറ്റുമതി 22% കുറഞ്ഞ് 43,000 ടണ്ണായി.