റെയില്‍വേയിലും പ്ലൈനിലും യാത്രയ്ക്കിടെ നല്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പലപ്പോഴും യാത്രക്കാരെ അസ്വസ്ഥരാക്കാറുണ്ട്. പ്രത്യേകിച്ചും ഉയര്‍ന്ന വിലയുള്ള ടിക്കറ്റുകള്‍ എടുത്ത് യാത്ര ചെയ്യുമ്പോള്‍ പോലും ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ മാത്രം വലിയ ശ്രദ്ധയുണ്ടാകാറില്ലെന്നത് യാത്രക്കാരെ പലപ്പോഴും വിഷമവൃത്തത്തിലാക്കുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ റെയില്‍വേയിലെ ഒരു യാത്രക്കാരന്, യാത്രവേളയില്‍ ലഭിച്ച ഭക്ഷണത്തിലുണ്ടായിരുന്നത് ഒരു ചത്ത പ്രാണി.
ഛപ്ര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലെ ഒരു യാത്രയ്ക്കിടെയാണ് തനിക്ക് ലഭിച്ച സസ്യാഹാര താലിയിൽ പ്രാണിയെ ലഭിച്ചെന്ന്, അലോക് എന്ന യാത്രക്കാരൻ ട്വിറ്ററില്‍ ചിത്രങ്ങള്‍ സഹിതം പങ്കുവച്ചത്. ഐആർസിടിസി തങ്ങളുടെ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുള്ള വെണ്ടർമാർ വഴിയാണ് യാത്രക്കാരൻ ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്തത്. തനിക്ക് ലഭിച്ച ഭക്ഷണത്തില്‍ അസ്വസ്ഥനായ അലോക്, റെയില്‍വേ അധികൃതരെ ടാഗ് ചെയ്താണ് ട്വിറ്ററില്‍ കുറിപ്പിട്ടത്. “ഭക്ഷണ സേവനങ്ങൾ നോക്കൂ. ഭക്ഷണത്തിൽ ഒരു പ്രാണിയെ കിട്ടി. തീർച്ചയായും റീഫണ്ട് ചെയ്തു. പിഎൻആർ നമ്പർ 2625325868. എന്നാൽ, ട്രെയിനില്‍ പാൻട്രി കാറില്ല, ഭക്ഷണ സേവനങ്ങളാണ് ഏറ്റവും മോശം.” IRCTC, ഇന്ത്യൻ റെയിൽ മീഡിയ, റെയിൽമിൻ ഇന്ത്യ, റെയിൽവേ സേവ എന്നീ ട്വിറ്റര്‍ ഹാന്റിലുകളെ ടാഗ് ചെയ്താണ് അലോക് തന്റെ കുറിപ്പിട്ടത്.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് യാത്രക്കാരന് ഇന്ത്യന്‍ റെയില്‍വേ ഉറപ്പ് നല്കി. റെയില്‍വേയുടെ മറുപടിക്ക് അലോക് ഇങ്ങനെ എഴുതി,’പ്രതികരണം എല്ലാവരും കേള്‍ക്കുന്നുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നതാണ് പ്രശ്നം. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇത്തരത്തിലുള്ള സേവനം ലഭിക്കുന്നത്.’ അലോക് കുറിച്ചു. എന്നാല്‍, ഭക്ഷണ ഗുണനിലവാരത്തെ ചൊല്ലി ഇന്ത്യന്‍ റെയില്‍വേ പ്രതികൂട്ടിലാകുന്നത് ആദ്യമായിട്ടല്ല. ഡൽഹി – മുംബൈ രാജധാനി എക്സ്പ്രസിൽ നിന്നും വാങ്ങിയ ഓംലൈറ്റില്‍ പാറ്റയെ കണ്ടെത്തിയത് സമീപ കാലത്താണ്. ഇതിന് മുമ്പും ഇത്തരത്തില്‍ നിരവധി പരാതികള്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് നേരെ ഉയര്‍ന്നിരുന്നു. അപ്പോഴെല്ലാം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കാമെന്ന് പറയുന്ന ഇന്ത്യന്‍ റെയില്‍വേയില്‍ പക്ഷേ അത്തരമൊരു നടപടി മാത്രമുണ്ടാകുന്നില്ലെന്ന് ചിലര്‍ എഴുതി.