വാഷിംഗ്ടണ്‍: യു.എസില്‍ വൈറ്റ്ഹൗസിന് സമീപമുള്ള ലാഫയറ്റ് പാര്‍ക്കിലെ സുരക്ഷാ ബാരിക്കേഡിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ ഇന്ത്യൻ വംശജനെതിരെ പ്രസിഡന്റിന് എതിരെയുള്ള വധഭീഷണിയടക്കം ഒന്നിലധികം ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി പൊലീസ്.
പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 10നാണ് ലാഫയറ്റ് പാര്‍ക്കിന്റെ നോര്‍ത്ത് സൈഡിലെ സുരക്ഷാ ബാരിയറിലേക്ക് മിസോറിയിലെ ചെസ്റ്റര്‍ഫീല്‍ഡില്‍ താമസമാക്കിയ തെലുങ്ക് വംശജൻ സായ് വര്‍ഷിത്ത് കാണ്ഡുല (19) ട്രക്ക് ഇടിച്ചുകയറ്റിയത്. ഉടൻ തന്നെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വൈറ്റ് ഹൗസിനകത്ത് കടന്ന് പ്രസിഡന്റ് ബൈഡനെ വധിച്ച് അധികാരം പിടിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് ഇയാള്‍ പൊലീസിന് നല്കിയ മൊഴി. ആറ് മാസമായി ഇതിന്റെ പദ്ധതി തയാറാക്കുകയായിരുന്നു. പ്രതി ബോധപൂര്‍വം ചെയ്തതാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഇയാളുടെ മാനസികനിലയില്‍ ആശങ്കയുണ്ടായിരുന്നെന്നും ചില പ്രശ്നങ്ങള്‍ നേരിട്ടിരുന്നെന്നും പ്രതിയുടെ സുഹൃത്ത് അമേരിക്കൻ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.
നാസി അനുഭാവിയായ ഇയാള്‍ ട്രക്കില്‍ നാസി ചിഹ്നത്തോടെയുള്ള പതാകയും നാട്ടിയിരുന്നു. ഹിറ്റ്ലറെ ശക്തനായ നേതാവെന്നാണ് ഇയാള്‍ വിശേഷിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ട്രക്ക് സായ് വാടകയ്ക്കെടുത്തതാണ്. രണ്ട് തവണ ഇയാള്‍ സുരക്ഷാ ബാരിയറിലേക്ക് ട്രക്ക് ഇടിപ്പിച്ചു.
വൈറ്റ് ഹൗസ് ഗേറ്റില്‍ നിന്ന് താരതമ്യേന നല്ല ദൂരമുണ്ടായിരുന്നെങ്കിലും അപകടത്തിന് പിന്നാലെ സമീപത്തെ നടപ്പാതകളും റോഡുകളും അടച്ചു. തൊട്ടടുത്തുള്ള ഹേ – ആഡംസ് ഹോട്ടലും ഒഴിപ്പിച്ചിരുന്നു. ട്രക്കില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല.