സിംഗപ്പൂര്‍: സിംഗപ്പൂര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ തര്‍മൻ ഷണ്മുഖരത്നത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
സിംഗപ്പൂരിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച തര്‍മന്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ട്വിറ്ററി(എക്സ്)ല്‍ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ഇന്ത്യ-സിംഗപ്പൂര്‍ നയതന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സിംഗപ്പൂരിന്റെ പ്രസിഡന്റായി തിരഞ്ഞെടുപ്പില്‍ വിജയിച്ചതില്‍ തര്‍മൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇന്ത്യ-സിംഗപ്പൂര്‍ നയതന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നിങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കാൻ ആഗ്രഹിക്കുന്നു’ -നരേന്ദ്രമോദി പറഞ്ഞു.
ചൈനീസ് വംശജരായ രണ്ട് മത്സരാര്‍ത്ഥികളെയാണ് തര്‍മൻ പരാജയപ്പെടുത്തി. 70.4 ശതമാനം വോട്ടുകളാണ് തര്‍മൻ നേടിയത്. തര്‍മനെതിരെ മത്സരിച്ച മറ്റ് മത്സരാര്‍ത്ഥികളായ എൻജി കോക്ക് സോംഗ്, താൻ കിൻ ലിയാൻ എന്നിവര്‍ യഥാക്രമം 15.7% 13.88% വോട്ടുകള്‍ നേടി. 2001 ലാണ് അദ്ദേഹം സിംഗപ്പൂര്‍ രാഷ്ട്രീയത്തില്‍ എത്തുന്നത്. 2011 മുതല്‍ 2019 വരെ സിംഗപ്പൂരിന്റെ ഉപപ്രധാനമന്ത്രിയായി തര്‍മൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിംഗപ്പൂരിന്റെ എട്ടാമത്തെയും ആദ്യത്തെ വനിതാ പ്രസിഡന്റുമായ മാഡം ഹലീമ യാക്കോബ് തന്റെ ആറ് വര്‍ഷത്തെ കാലാവധി സെപ്തംബര്‍ 13 ന് സമാപിക്കും. 2011 ന് ശേഷമുള്ള സിംഗപ്പൂരിലെ ആദ്യത്തെ മത്സരാധിഷ്ഠിത പ്രസിഡൻറ് തിരഞ്ഞെടുപ്പാണ് ഇത്.