ഒട്ടാവ: കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് അറിയിച്ച് ഇന്ത്യൻ വംശജയും ലിബറൽ പാർട്ടി നേതാവുമായ അനിത ആനന്ദ് അറിയിച്ചു. പാർലമെൻ്റിലേക്കും വീണ്ടും മത്സരിക്കില്ലെന്നും അവർ അറിയിച്ചു. രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മാതൃകയാണ് താൻ പിന്തുടരുന്നതെന്നും അക്കാദമിയിലേക്ക് മടങ്ങിയെത്തി തൻ്റെ കരിയറിൻ്റെ അടുത്ത അധ്യായം ആരംഭിക്കുമെന്നും അനിത ആനന്ദ് ശനിയാഴ്ച പറഞ്ഞു. നേരത്തെ അനിതക്ക് മുമ്പ് വിദേശകാര്യ മന്ത്രി മെലാനി ജോളിയും ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്കും മത്സരത്തിൽ നിന്ന് വിട്ടുനിന്നിരുന്നു.
പ്രധാനമന്ത്രി ട്രൂഡോ തൻ്റെ അടുത്ത ഘട്ടത്തിലേക്ക് മാറാൻ തീരുമാനിച്ചു. എനിക്കും അത് ചെയ്യാൻ പറ്റിയ സമയമാണിതെന്ന് തോന്നുന്നു. അക്കാദമിക ജീവിതത്തിലേക്ക് മടങ്ങുമെന്നും അനിത ആനന്ദ് പറഞ്ഞു.
ബിസിനസ്, ഫിനാൻസ് നിയമങ്ങളിൽ വിദഗ്ധയായ അനിത, ടൊറൻ്റോ സർവകലാശാലയിൽ നിയമ പ്രൊഫസറായിരുന്നു. 2019-ൽ ഒൻ്റാറിയോയിലെ ഓക്ക്വില്ലിൽ നിന്നുള്ള എംപിയായി രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് യുഎസിലെ യേൽ യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് ലക്ചററായി പ്രവർത്തിച്ചിട്ടുണ്ട്. എൻ്റെ ആദ്യ പ്രചാരണ വേളയിൽ, ഒൻ്റാറിയോയിലെ ഓക്ക്വില്ലിൽ ഇന്ത്യൻ വംശജയായ ഒരു സ്ത്രീ തെരഞ്ഞെടുക്കപ്പെടില്ലെന്ന് പലരും എന്നോട് പറഞ്ഞു. എന്നിട്ടും, 2019 മുതൽ ഓക്ക്വിൽ ഒന്നല്ല രണ്ട് തവണ എനിക്ക് പിന്നിൽ ജനം അണിനിരന്നു. എനിക്ക് ലഭിച്ച ബഹുമതിയാണിത്. എന്നേക്കും എൻ്റെ ഹൃദയത്തിൽ സൂക്ഷിക്കുമെന്നും അനിത വ്യക്തമാക്കി. പിതാവ് എസ് വി ആനന്ദ് തമിഴ്നാട്ടിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനി വി എ സുന്ദരത്തിൻ്റെ മകനായിരുന്നു. അമ്മ സരോജ് റാം പഞ്ചാബിൽ നിന്നാണ് എത്തിയത്. ഇരുവരും കാനഡയിലേക്ക് കുടിയേറിയ ഡോക്ടർമാരായിരുന്നു.
2019-ൽ ട്രൂഡോ കാബിനറ്റിൽ പബ്ലിക് സർവീസ് ആൻഡ് പ്രൊക്യുർമെൻ്റ് മന്ത്രിയായി ചുമതലയേറ്റ്, കൊവിഡ് സമയത്ത് കാനഡയിൽ മതിയായ മെഡിക്കൽ ഉപകരണങ്ങളും വാക്സിനുകളും എത്തിച്ച് ജനത്തിന്റെ കൈയടി നേടി. 2021-ൽ, പ്രതിരോധ മന്ത്രി സ്ഥാനം ലഭിച്ചു.
സർക്കാർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മന്ത്രിതല പദവിയായ ട്രഷറി ബോർഡിൻ്റെ പ്രസിഡൻ്റായി പുനഃസംഘടനയിൽ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം അവർ ഗതാഗത മന്ത്രിയാകുകയും ആഭ്യന്തര വ്യാപാര വകുപ്പ് ലഭിക്കുകയും ചെയ്തു.
ട്രൂഡോ രാജിവെച്ചതോടെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്ന പ്രധാന നേതാവാണ് അനിത ആനന്ദ്. എന്നാൽ, അടുത്ത വർഷമാണ് കാനഡയിൽ തെരഞ്ഞെടുപ്പ് നടക്കുക. ലിബറൽ പാർട്ടി പിന്നിലാകുമെന്ന് സർവേ റിപ്പോർട്ട് വന്നിരുന്നു.