മെല്‍ബണ്‍: അഞ്ച് കൊറിയന്‍ യുവതികളെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യക്കാരന് കുറ്റക്കാരനെന്ന് ഓസ്ട്രേലിയന്‍ കോടതി.ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ പ്രമുഖനായ ബാലേഷ് ധന്‍ഖറിനെയാണ് മയക്കുമരുന്ന് നല്കിയ ശേഷം അഞ്ച് കൊറിയന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. സിഡ്നിയിലെ ഡൗണിംഗ് സെന്ററിലെ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. രാഷ്ട്രീയ ബന്ധമുള്ള വേട്ടക്കാരന് എന്നും പ്രതിയെ കോടതി വിശേഷിപ്പിച്ചു. അഞ്ച് കൊറിയന്‍ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച ശേഷം മയക്കുമരുന്ന് നല്കി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സിഡ്നി മോണിംഗ് ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഓസ്ട്രേലിയയിലെ ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പിയുടെ മുന്‍ മേധാവിയായിരുന്നു ധന്‍ഖറെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ബെഡിനരികിലെ അലാറം ക്ലോക്കിലും ഫോണിലും ഒളിപ്പിച്ച ക്യാമറ ഉപയോഗിച്ച് ധന്‍ഖര്‍ തന്റെ ലൈംഗികാതിക്രമങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയതായും പറയുന്നു. സിഡ്നിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശമായ കേസിലെ പ്രതിയാണ് ബാലേഷ് ധന്‍ഖറെന്നും കോടതി പറഞ്ഞു. വിധി കേട്ട ശേഷം ധന്‍ഖര്‍ പൊട്ടിക്കരഞ്ഞു. 39 ആരോപണങ്ങളിലും ധര്‍ഖര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഡാറ്റാ വിദഗ്ധനാണ് ധന്‍ഖര്‍. ജാമ്യത്തില്‍ തുടരാന്‍ ധന്‍ഖര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. 43 കാരനായ ധന്‍ഖറിനെതിരെ വര്‍ഷാവസാനം ശിക്ഷ വിധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.