ന്യൂയോര്‍ക്ക്: യു.എസില്‍ ഇന്ത്യന്‍ വംശജനായ മാദ്ധ്യമ പ്രവര്‍ത്തന് നേരെ ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം. അമൃത്പാല്‍ സിംഗിനെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് വാഷിംഗ്ടണ്‍ ഡി.സിയിലെ ഇന്ത്യന്‍ എംബസിക്ക് പുറത്ത് നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ലളിത് കെ.
ഝാ എന്ന മാദ്ധ്യമപ്രവര്‍ത്തകനാണ് മര്‍ദ്ദനത്തിനിരയായത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഭീഷണിപ്പെടുത്തലുകളുമായെത്തിയ ഖലിസ്ഥാന്‍ അനുകൂലികള്‍ ഝായെ വടി വച്ച് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇടതു ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസും യു.എസ് സീക്രട്ട് സര്‍വീസുമെത്തി ഇദ്ദേഹത്തെ വാനിലേക്ക് മാറ്റുകയായിരുന്നു. ലളിത് കേസ് കൊടുത്തിട്ടില്ലെന്നാണ് വിവരം. ഇന്ത്യന്‍ എംബസി ശക്തമായ പ്രതിഷേധം യു.എസ് അധികൃതരെ അറിയിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവിനെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം. ജീവനക്കാരെ ആക്രമിക്കുമെന്നും ഭീഷണിമുഴക്കി. ലണ്ടനിലും സാന്‍ഫ്രാന്‍സിസ്കോയിലും അരങ്ങേറിയതുപോലെ വാഷിംഗ്ടണിലും എംബസിയെ ആക്രമിക്കാന്‍ പ്രതിഷേധക്കാര്‍ക്ക് പദ്ധതിയുണ്ടായിരുന്നെന്നാണ് വിവരം.
പ്രതിഷേധത്തിനായി അനുവദിക്കപ്പെട്ടിരുന്ന ഇടത്ത് നിന്ന് റോഡിന് മറുവശം സ്ഥിതി ചെയ്ത എംബസിക്ക് അരികിലേക്ക് നടന്നു നീങ്ങിയെങ്കിലും പൊലീസ് തടഞ്ഞു. ലോക്കല്‍ പൊലീസും യു.എസ് സീക്രട്ട് സര്‍വീസും സുരക്ഷാ വലയം തീര്‍ത്തതിനാല്‍ അക്രമങ്ങളുണ്ടായില്ല. പ്രതിഷേധ സമയം തരണ്‍ജിത് സിംഗ് സന്ധു എംബസിയില്‍ ഉണ്ടായിരുന്നില്ല. അക്രമങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് നടത്തിയ ഇടപെടലുകളെ ഇന്ത്യന്‍ എംബസി അഭിനന്ദിച്ചു.