ഓസ്‌ട്രേലിയയിലെത്തുന്ന രാജ്യാന്തര വിദ്യാർത്ഥികളിൽ നിരവധിപ്പേർ താമസസൗകര്യം കണ്ടെത്താൻ കഴിയാതെ പ്രതിസന്ധി നേരിടുന്നു. വാടകനിരക്ക് കുതിച്ചുയർന്നിരിക്കുന്ന സാഹചര്യത്തിൽ വിലകുറഞ്ഞ പരിമിതമായ സൗകര്യങ്ങളുള്ള ഇടങ്ങളിൽ താമസിക്കാൻ നിർബന്ധിതരാകുകയാണ് പലരും.വാടകനിരക്ക് വർദ്ധിച്ചിരിക്കുന്നത് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയവരെ മാത്രമല്ല ബാധിക്കുന്നത്.ഉപരിപഠനത്തിനായി എത്തുന്ന രാജ്യാന്തര വിദ്യാർത്ഥികളെയും ഇത് ബാധിക്കുന്നു.കഴിഞ്ഞ ഒരു വർഷത്തിൽ ഓസ്‌ട്രേലിയൻ നഗരങ്ങളിൽ വീട് വാടക 17 ശതമാനത്തിലധികവും, അപ്പാർട്മെന്റുകളുടെ വാടക 14 ശതമാനത്തിലധികവും വർദ്ധിച്ചിട്ടുണ്ടെന്നാണ് ഡൊമെയ്ൻ റെന്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.ഉത്തർപ്രദേശിൽ നിന്ന് ഓസ്‌ട്രേലിയയിൽ ഉപരിപഠനത്തിനായി ചേർന്നിരിക്കുന്ന 24 വയസുള്ള പ്രജ്വൽ സിംഗ് താമസസൗകര്യം കണ്ടെത്താൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്ന നിരവധി രാജ്യാന്തര വിദ്യാർത്ഥികളിൽ ഒരാൾ മാത്രമാണ്.ഫ്ളാറ്റ് മേറ്റ്സ്.കോം.എയൂ, ഫേസ്ബുക് മാർക്കറ്റ് പ്ലേസ്, ഗംട്രീ തുടങ്ങിയ പ്ലാറ്റുഫോമുകളിൽ വാടകമുറി കണ്ടെത്താനുള്ള ശ്രമിത്തിലാണ് എന്ന് അദ്ദേഹം പറഞ്ഞു.
വാടക നിരക്ക് കുത്തനെ ഉയർന്നിരിക്കുകയാണെന്നും, ലഭ്യത കുറവാണെന്നും മെൽബണിൽ റിയൽ എസ്റ്റേറ്റ് ഏജന്റായ പ്രബോത് സിംഗ് ചൂണ്ടിക്കാട്ടി.മെൽബൺ സിബിഡിയിലും സിഡ്നിയിലും വാടക വീടുകളുടെ ലഭ്യത കുറവായത് മൂലം വാടക നിരക്ക് കുത്തനെ ഉയർന്നിരിക്കുകയാണ്. ആവശ്യക്കാർ നിരവധിയായതിനാൽ ഏതാനും ദിവസങ്ങൾ മാത്രമാണ് ഇവ വിപണിയിൽ ഉണ്ടാവുക.കൊവിഡ് നിയന്ത്രണവിധേയമായതിന് ശേഷം ഇന്ത്യയിൽ നിന്ന് ഉപരിപഠനത്തിനായുള്ള ഓഫ്‌ഷോർ രാജ്യാന്തര അപേക്ഷകൾ കുതിച്ചുയർന്നതായാണ് കണക്കുകൾ.2022 ലെ അവസാന ആറു മാസത്തിൽ ഏറ്റവും അധികം അപേക്ഷകൾ ഇന്ത്യയിൽ നിന്നാണ് എന്നാണ് കണക്കുകൾ.ഇതിന് പുറമെ, ചൈനയിൽ നിന്ന് 40,000 വിദ്യാർത്ഥികൾ വൈകാതെ തിരിച്ചെത്തുകയും ചെയ്യും. ഇത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കാൻ സാധ്യതയുണ്ട് എന്നാണ് പ്രഭോത് സിംഗിന്റെ കണക്കുകൂട്ടൽ.
ഇന്ത്യൻ വിദ്യാർത്ഥികൾ സർവകലാശാലകൾക്ക് സമീപത്ത് ഷെയേർഡ് താമസ സൗകര്യം കണ്ടെത്തുകയാണ് പതിവെങ്കിലും നിലവിലെ വിലക്കയറ്റം കടുത്ത പ്രതിസന്ധിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെൽബണിൽ സർവകലാശാലക്ക് അടുത്ത് താമസ സൗകര്യം കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള വിദ്യാർത്ഥികളിൽ ഒരാളാണ് സംഭവ് ലഖാനി.എന്നാൽ താമസ സൗകര്യം പ്രതീക്ഷിച്ച നിലവാരമുള്ളതല്ല എന്ന് സംഭവ് ചൂണ്ടിക്കാട്ടി.
വാടക വീട് ലഭിക്കാൻ രാജ്യാന്തര വിദ്യാർത്ഥികൾക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ വെല്ലുവിളി നേരിടാമെന്നും പ്രഭോത് സിംഗ് പറയുന്നു.മുമ്പ് വാടകവീട്ടിൽ താമസിച്ചു എന്ന രേഖകൾ സമർപ്പിക്കാൻ കഴിയാത്തത് ഇതിനൊരു കാരണമാണ് എന്നദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികൾക്ക് ദീർഘകാലത്തേക്ക് വാടക വീട് ആവശ്യമില്ലാത്തതും മറ്റൊരു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വിദ്യാർത്ഥികൾക്കായി നിർമ്മിച്ചിട്ടുള്ള താമസ സൗകര്യങ്ങൾ (PBSA) പത്ത് ശതമാനത്തിൽ താഴെ വിദ്യാർത്ഥികൾ മാത്രമാണ് പ്രയോജനപ്പെടുത്തുന്നതെന്ന് സ്റ്റുഡന്റ് അക്കോമൊഡേഷൻ കൗൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ടോറി ബ്രൗൺ ചൂണ്ടിക്കാട്ടി.PBSA സൗകര്യം പ്രയോജനപ്പെടുത്തിയാൽ വിദ്യാർത്ഥികൾക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ട സാഹചര്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.അതെ സമയം വിദ്യാർത്ഥികൾക്കായി പ്രത്യേകമായുള്ള കൂടുതൽ താമസ സൗകര്യങ്ങൾ നിർമ്മിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികൾക്കായുള്ള താമസസൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതികൾക്ക് സർക്കാർ കൂടുതൽ പിന്തുണ നൽകണം. നിർമ്മാണ പ്രവർത്തനങ്ങൾ വേഗമാക്കണം.
വാടക വീടുകളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഇന്റർനാഷണൽ എജ്യുക്കേഷൻ അസോസിയേഷൻ ഓഫ് ഓസ്‌ട്രേലിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഫിൽ ഹണിവുഡ് സമ്മതിക്കുന്നു.എന്നാൽ രാജ്യാന്തര വിദ്യാർത്ഥികളുടെ വരവിനെ ഇത് ബാധിക്കാൻ വഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.