വെല്ലിങ്ടൺ: ന്യൂസീലൻഡിലെത്തുന്ന ഇന്ത്യൻ നഴ്സുമാർക്ക് ജോലി ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഇന്ത്യൻ ഹൈക്കമ്മിഷൻ. കോംപിറ്റൻസി അസസ്മെന്റ് പ്രോഗ്രാമും (സി.എ.പി) ന്യൂസീലൻഡ് നഴ്സിങ് കൗൺസിലിൽ രജിസ്ട്രേഷനും വിജയകരമായി പൂർത്തിയാക്കിയിട്ടും ജോലി ഉറപ്പാക്കുന്നതിൽ നിരവധി ഇന്ത്യൻ നഴ്സുമാർ ബുദ്ധിമുട്ട് നേരിടുന്നതായി ഇന്ത്യൻ ഹൈക്കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിർദേശം.
ന്യൂസീലൻഡിൽ ഇപ്പോൾ നിരവധി മലയാളി നഴ്സുമാർ ജോലിയില്ലാതെ കഷ്ട്ടപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. ഇത്തരത്തിൽ നഴ്സസ്യമാർ അഭിമുഖീകരിക്കുന്ന പ്രശ്ങ്ങളെല്ലാം ഇന്ത്യൻ ഹൈക്കമ്മിഷന്റെ മുന്നിലെത്തിയിട്ടുണ്ട്.
ന്യൂസീലൻഡിൽ ഒരു മാസത്തെ വിട്ടു വാടക നൽകാൻ തന്നെ വലിയ തുക ചെലവു വരും. ഇതുപോലും നൽകാനാവാതെ ബുദ്ധിമുട്ടുകയാണ് പലരും. ജോലി ലഭിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് നഴ്സുമാരിൽ നിന്ന് പൈസ വാങ്ങുന്ന ഏജൻസികളും നിരവധിയുണ്ട്.
യഥാർത്ഥ ജോലി വാഗ്ദ്ധാനം അല്ലെങ്കിൽ ഇന്ത്യൻ നഴ്സുമാർ ന്യൂസീലൻഡിലേക്ക് പോകരുതെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ നിർദേശിക്കുന്നു. തൊഴിലുടമയുടെ സത്യസന്ധത പരിശോധിക്കുന്നതും ഉചിതമാണ്. അതിനായി pol.wellington@mea.gov.in എന്ന ഇമെയിലിൽ ബന്ധപ്പെടാം.
ഇത്തരം ജോലികൾ വാഗ്ദാനം ചെയ്യുന്ന എജൻ്റുമാർക്ക് പണം നൽകുന്നതിനെതിരെ നഴ്സുമാർ ജാഗ്രത പാലിക്കണം ന്യൂസീലൻഡിലെ തൊഴിൽദാതാവുമായുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ ഇന്ത്യൻ നഴസുമാരും അവരുടെ ജീവിതപങ്കാളികളും നിലവിലെ ജോലി ഉപേക്ഷിക്കരുതെന്നും ഇന്ത്യൻ ഹൈക്കമ്മിഷൻ നിർദേശിച്ചു .