ഓക്ക്ലൻഡ്∙ ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ച് സ്കേറ്റ് പാർക്കിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന വ്യക്തിയാണെന്ന് കരുതി ഇന്ത്യക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 32 വയസ്സുകാരനായ പ്രതിയുടെ വ്യക്തിവിവരങ്ങളിൽ നിയമപരമായ കാരണങ്ങളാൽ കോടതി രഹസ്യമായി വച്ചിരിക്കുകയാണ്.
മകനെ സഹായിക്കാനും രണ്ടാമത്തെ പേരക്കുട്ടിയുടെ ജനനം ആഘോഷിക്കാനുമാണ് മേവാ സിങ്ങും (60) ഭാര്യയും 2022 ഡിസംബറിൽ ഇന്ത്യയിൽ നിന്ന് ന്യൂസീലൻഡിലേക്ക് പോയത്. നാല് മാസത്തിനുള്ളിൽ, 2023 ഏപ്രിലിൽ, അക്രമിയുടെ ആക്രമണത്തിൽ സിങ്ങിന് പരുക്കേറ്റത്. ക്രൈസ്റ്റ് ചർച്ചിലെ ഹൈക്കോടതിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അക്രമി കുറ്റം സമ്മതിച്ചത്. പ്രതി നരഹത്യയ്ക്ക് ശിക്ഷിക്കപ്പെടുമെന്ന് ന്യൂസീലൻഡ് വാർത്താ മാധ്യമ കമ്പനിയായ സ്റ്റഫ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
സംഭവ ദിവസം ലിൻവുഡ് പാർക്കിലൂടെ പതിവ് പോലെ നടക്കാൻ പോയതാണ് സിങ്. ഈ പാർക്കിൽ പ്രതി 7 വയസ്സുള്ള മകനെ പാഠം പഠിപ്പിക്കാൻ പാർക്കിൽ തനിച്ചാക്കി അൽപ്പസമയത്തേക്ക് അവിടെ നിന്ന് പോയിരുന്നു. തിരിച്ചെത്തിയപ്പോൾ, സിങ് മകന്റെ കൈ പിടിച്ച് നിൽക്കുന്നതാണ് പ്രതി കണ്ടത്. പ്രകോപിതനായ പ്രതി, സിങ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് കരുതി ആക്രോശിച്ചു. തുടർന്ന് ഇയാൾ സിങ്ങിനെ ആക്രമിച്ചു. നടപ്പാതയിൽ തലയിടിച്ചാണ് സിങ്ങിന് ഗുരുതരമായി പരുക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സിങ് രണ്ട് ദിവസത്തിന് ശേഷം ക്രൈസ്റ്റ് ചർച്ച് ആശുപത്രിയിൽ മരിച്ചു
കൊല്ലപ്പെട്ടയാളുടെ മകൻ ഹിമാൻഷു കേശ്വറിന് (33) അന്നു രാത്രി തന്നെ പിതാവിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് പൊലീസിൽ നിന്ന് ഫോൺ ലഭിച്ചു. ‘‘എനിക്ക് ഒന്നും ചിന്തിക്കാനോ ചെയ്യാനോ കഴിഞ്ഞില്ല. ഞാൻ ആകെ ഞെട്ടിപ്പോയി ’’– കേശ്വർ അന്നത്തെ ഫോൺ കോളിനെക്കുറിച്ച് വെളിപ്പെടുത്തി. ‘‘അന്ന് ജോലിക്ക് പോയപ്പോൾ എല്ലാം നല്ലതായിരുന്നു. എന്റെ കുടുംബം സന്തോഷത്തിലായിരുന്നു, [എന്റെ അച്ഛൻ] എന്റെ മകളോടൊപ്പം കളിക്കുകയായിരുന്നു, എല്ലാം നല്ലതായിരുന്നു ഇത് സംഭവിക്കുന്നത് വരെ.എന്റെ അച്ഛൻ വളരെ നല്ല മനുഷ്യനായിരുന്നു.സാധ്യമാകുന്നിടത്തെല്ലാം ആളുകളെ സഹായിക്കാൻ എപ്പോഴും ശ്രമിച്ചു’’ – കേശ്വർ കൂട്ടിച്ചേർത്തു.