ലണ്ടന്‍: പരിപാവനമായ ഒരു പ്രൊഫഷനെ പണം ഉണ്ടാക്കാന്‍ ദുരുപയോഗം ചെയ്യുന്ന ചില ഡോക്ടര്‍മാരെങ്കിലും ഉണ്ട്. അത്തരത്തില്‍ ഒരാള്‍ കൂടിയിതാ. കുട്ടികള്‍ക്ക് കാന്‍സര്‍ ആണെന്ന് പറഞ്ഞ് മാതാപിതാക്കളെ ഭയപ്പെടുത്തി തന്റെ സ്വകാര്യ ലാബില്‍ സ്‌കാനുകളും മറ്റ് പരിശോധനകളും നടത്താന്‍ നിര്‍ബന്ധിതരാക്കി പണം തട്ടുന്ന അടവാണ് ധാര്‍മ്മിക ബോധം തീരെയില്ലാത്ത ഈ ഡോക്ടര്‍ എടുത്തത്.
കുട്ടികള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍ ഉണ്ടെന്ന് മാതാപിതാക്കളെ ബോധിപ്പിച്ച്, അവരെ എന്‍ എച്ച് എസിലേക്ക് അയയ്ക്കാതെ ലണ്ടനിലെ സ്വകാര്യ ലാബില്‍ ചെലവേറിയ പരിശോധനകള്‍ക്ക് വിധേയമാക്കുകയായിരുന്നു മീണ ചൗധരി എന്ന ഇന്ത്യന്‍ വംശജനായ ഡോക്ടര്‍. ഇത്തരത്തില്‍ കെണിയില്‍ അകപ്പെട്ട ഒരു കുടുംബത്തിന്റെ പരാതിയില്‍ ആയിരുന്നു ഈ 45 കാരനെ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ട്രിബ്യുണല്‍ വിചാരണ ചെയ്തത്.
2017 കാലഘട്ടത്തില്‍ നിരവധി തവണ ഇയാള്‍ അധാര്‍മ്മികമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇയാളൂടെ പേര് മെഡിക്കല്‍ റെജിസ്റ്ററില്‍ നിന്നും നീക്കം ചെയ്തിരുന്നു. എന്നാല്‍, ട്രിബ്യുണലിന്റെ തീരുമാനത്തിനെതിരെ ഇയാള്‍ എഡിന്‍ബര്‍ഗിലെ കോര്‍ട്ട് ഓഫ് സെഷനെ സമീപിച്ചു.
ട്രിബ്യുണല്‍ വിചാരണക്കിടയില്‍ മീണയ്ക്ക് ഓട്ടിസം (എ എസ് ഡി) ഉണ്ടെന്ന് കണ്ടെത്തിയതായും അതിനാല്‍ തന്നെ അച്ചടക്ക നടപടികള്‍ റദ്ദാക്കി മറ്റൊരു പുതിയ ട്രിബ്യുണല്‍ കേസ് പരിശോധിക്കണം എന്നുമായിരുന്നു അയാളുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, മുതിര്‍ന്ന ജഡ്ജ് ലേഡി ഡോറെയ്ന്‍ ആ ആവശ്യം നിരാകരിക്കുകയായിരുന്നു. തന്നെ ബാധിച്ച ഓട്ടിസം വിചാരണ വേളയില്‍ തെളിവുകള്‍ നല്‍കുന്നതിനെ സ്വാധീനിച്ചു എന്നും അത് ട്രിബ്യുണലിന്റെ വിലയിരുത്തലില്‍ പ്രതിഫലിച്ചിരിക്കാം എന്നും മീണാ ചൗധരി വാദിച്ചു.
അതേസമയം, മീണാ ചൗധരിയില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന പെരുമാറ്റ ദൂഷ്യത്തിനും അനൈതികതക്കും ഈ രോഗ പരിശോധന ഫലവുമായി ബന്ധമില്ലെന്നായിരുന്നുജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ വാദിച്ചത്. തൊഴിലില്‍ തീര്‍ത്തും അധാര്‍മ്മികമായ രീതിയില്‍ ഇയാള്‍ പ്രവൃത്തിച്ചിരുന്നതായി കണ്ടെത്തിയതായും കൗണ്‍സില്‍ കോടതിയെ ബോധിപ്പിച്ചു.
സാമൂഹിക സാഹചര്യങ്ങള്‍ പരിഗണിക്കുമ്ബോള്‍ മീണയുടെ നടപടികള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും,ട്രിബ്യുണലിന്റെ നടപടിക്കെതിരെ നിരത്തിയ വാദമുഖങ്ങള്‍ക്ക് നിലനില്‍പില്ലെന്നും കോടതി നിരീക്ഷിച്ചു. 1998-ല്‍ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയില്‍ നിന്നും യോഗ്യത നേടിയ ശേഷം നിരവധി പീഡിയാട്രിക് പോസ്റ്റുകളില്‍ ഇയാള്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് 2013-ല്‍ ആണ് ഇയാള്‍ എന്‍ എച്ച് എസ് ഫോര്‍ത്ത് വാലിയില്‍ പീഡിയാട്രിക്സ് ആന്‍ഡ് നിയോനാറ്റോളജിയില്‍ പൂര്‍ണ്ണ സമയ കണ്‍സള്‍ട്ടന്റ് ആകുന്നത്.
മൂന്ന് കുടുംബങ്ങളെയായിരുന്നു ഇയാള്‍, കുട്ടികള്‍ക്ക് കാന്‍സര്‍ ഉണ്ടാകാം എന്ന് പറഞ്ഞ് ആശങ്കയുടെ മുള്‍ മുനയില്‍ നിര്‍ത്തിയത്. ഈ കുടുംബങ്ങളെ എന്‍ എച്ച് എസ്സില്‍ നിന്നും അകറ്റി സ്വകാര്യ ലാബുകളിലേക്ക് അയയ്ക്കുക മാത്രമല്ല, ഇയാള്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സകള്‍ അവരുടെ ജി പി മാരുമായി ചര്‍ച്ച ചെയ്യരുതെന്നും ഇയാള്‍ നിര്‍ദ്ദേശിച്ചിരുന്നു. സാമ്ബത്തിക ലാഭം മാത്രം ലാക്കാക്കിയായിരുന്നു ഇയാളുടെ പ്രവൃത്തികള്‍ എന്ന് കണ്ടെത്തിയ ട്രിബ്യുണല്‍ കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഇയാളുടെ റെജിസ്ട്രേഷന്‍ പൂര്‍ണ്ണമായും റദ്ദാക്കുകയായിരുന്നു.