മനില: ഫിലിപ്പീന്‍സില്‍ ഇന്ത്യക്കാരായ ദമ്പതിമാരെ അജ്ഞാതന്‍ വീട്ടില്‍ അതിക്രമിച്ച് കയറി വെടിവെച്ച് കൊല്ലപ്പെടുത്തി. പഞ്ചാബിലെ ജലന്ധര്‍ സ്വദേശികളായ സുഖ് വീന്ദര്‍ സിങ്(41) ഭാര്യ കിരണ്‍ദീപ് കൗര്‍(33) എന്നിവരെയാണ് അജ്ഞാതനായ യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഫിലിപ്പീന്‍സിന്റെ തലസ്ഥാനനഗരിയായ മനിലയിലാണ് ക്രൂര കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ദമ്പതിമാരുടെ വീട്ടിലേക്ക് അപ്രതീക്ഷിതമായി അതിക്രമിച്ച് കയറിയ യുവാവ് ഇരുവര്‍ക്കും നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജലന്ധര്‍ സ്വദേശിയായ സുഖ് വീന്ദര്‍ സിങ് കഴിഞ്ഞ 19 വര്‍ഷമായി മനിലയിലാണ് താമസിച്ചിരുന്നുത്. ഭാര്യ കിരണ്‍ദീപ് അടുത്തിടെയാണ് ഇവിടെയെത്തിയത്. ശനിയാഴ്ച രാത്രി പതിവ് പോലെ ജോലി കഴിഞ്ഞെത്തി വീടിന് പുറത്ത് വിശ്രമിക്കുകയായിരുന്ന സുഖ് വീന്ദറിന് നേരേ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ വീടിനകത്ത് കയറി ഭാര്യ കിരണ്‍ ദീപിനെയും യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. പോയിന്റ് ബ്ലാങ്കില്‍ ആമ് ഇരുവരെയും വെടിവെച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
യുവാവ് സുഖ് വീന്ദര്‍ സിങ്ങിന്റെ അടുത്തെത്തുന്നതും പെട്ടന്ന് തോക്കെടുത്ത് മൂന്ന് തവണ വെടിയുതിര്‍ക്കുന്നതും വീഡിയോയില്‍ കാണാം. ശബ്ദം കേട്ട് വാതിലനടുത്തേക്ക് ഓടിയെത്തിയ കിരണ്‍ ദീപിനെ നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. സുഖ് വീന്ദറിന്റെ സഹോദരന് ലഖ് വീര്‍ സിങും മനിലയിലായിരുന്നു താമസം. ഏതാനുംദിവസം മുന്‍പ് ഒരു ചടങ്ങില്‍ പങ്കെടുക്കാനായി ലഖ് വീര്‍ സിങ് പഞ്ചാബിലേക്ക് മടങ്ങിപ്പോയിരുന്നു.ഞായറാഴ്ച രാവിലെ മുതല്‍ ഏറെനേരം വിളിച്ചിട്ടും ലഖ് വീറിന് സഹോദരനെ ഫോണില്‍ കിട്ടിയിരുന്നില്ല. ഇതോടെ മനിലയിലുള്ള ബന്ധുവിനോട് വീട്ടില്‍ പോയി അന്വേഷിക്കാന്‍ ലഖ് വീര്‍ ആവശ്യപ്പെട്ടു. ബന്ധു വീട്ടിലെത്തിയപ്പോഴാണ് ദമ്പതിമാരെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ചോരയില്‍ കുളിച്ച നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹമെന്ന് ബന്ധു പൊലീസിനോട് പറഞ്ഞു. കുടുംബവുമായി മനിലയില്‍ ആര്‍ക്കും ശത്രുതയില്ലെന്നാണ് ലഖ് വീര്‍ സിങ്ങ് പറയുന്നത്. ജേഷ്ഠന്റെയും ഭാര്യയുടേയും കൊലപാതകത്തില്‍ കുറ്റക്കാരെ കണ്ടെത്താനായി ഇന്ത്യ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.