ഒട്ടാവ: കാനഡയിലെ വാട്ടർപാർക്കില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രം നടത്തിയ സംഭവത്തില്‍ ഇന്ത്യൻ വംശജൻ അറസ്റ്റില്‍.
ന്യു ബ്രുൻസ്വിക്ക് പ്രവിശ്യയിലാണ് സംഭവം. മോൻക്ടണിലെ വാട്ടർപാർക്കില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
ഹാലിഫാക്സിലാണ് കേസിലെ പ്രതി താമസിക്കുന്നതെന്ന് റോയല്‍ കനേഡിയൻ പൊലീസ് അറിയിച്ചു. ജൂലൈ ഏഴിനാണ് പാർക്കില്‍വെച്ച് കൂട്ടലൈംഗികാതിക്രമം ഉണ്ടായതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ വിട്ടയക്കുകയായിരുന്നു. ഒക്ടോബർ 24ന് കോടതിയില്‍ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
ലൈംഗികാതിക്രമത്തിന് ഇരയാവർ പരാതി നല്‍കാനായി മുന്നോട്ട് വരണമെന്നും കനേഡിയൻ പൊലീസ് അഭ്യർഥിച്ചു. രക്ഷിതാക്കള്‍ കുട്ടികളുമായി സംസാരിക്കണം. നിങ്ങളുടെ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കില്‍ പരാതി നല്‍കണം. നിങ്ങള്‍ക്ക് ഞങ്ങളെ പൂർണമായും വിശ്വസിക്കാമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, പ്രതിയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളെ അറസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ലൈംഗികാതിക്രമത്തിന് ഇരയായവരില്‍ ഒരു പെണ്‍കുട്ടിയുടെ മാതാവ് ഇയാളുടെ ചിത്രം പങ്കുവെച്ച് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.