ദില്ലി: ഇലക്ട്രോണിക്സ് കയറ്റുമതിയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഇലക്ട്രോണിക്സ് കയറ്റുമതി ആഗോളതലത്തിൽ ആദ്യ മൂന്നിൽ ഇടംപിടിച്ചു. നൂതനമായ യുവശക്തിയാണ് ഇതിന് കാരണമെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. വരുംകാലങ്ങളിലും ഈ വേഗത തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര ഇലക്ട്രോണിക്‌സ് – വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ് എക്സ് പോസ്റ്റിലൂടെ ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി ആദ്യ മൂന്നിൽ ഇടംപിടിച്ചതായി നേരത്തെ അറിയിച്ചിരുന്നു. 2024-25 ഏപ്രിൽ-ജൂൺ പാദത്തിന്റെ അവസാനത്തോടെ ഇലക്ട്രോണിക്സ് ഇന്ത്യ, മികച്ച 10 കയറ്റുമതി രാജ്യങ്ങളിൽ മൂന്നാം സ്ഥാനം നേടിയതായുള്ള ബിസിനസ് സ്റ്റാൻഡേർഡ് പത്രത്തിന്റെ ലേഖനവും അദ്ദേഹം പങ്കുവച്ചു..
‘തീർച്ചയായും ഇത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. ഇലക്ട്രോണിക്സിൽ ഇന്ത്യയുടെ വൈദഗ്ധ്യത്തിന് കരുത്തേകുന്നത് നമ്മുടെ നൂതനമായ യുവശക്തിയാണ്. പരിഷ്കരണങ്ങൾക്കും മേക്ക് ഇൻ ഇന്ത്യയുടെ ഉത്തേജനത്തിനും നാം നൽകുന്ന ഊന്നലിന്റെ തെളിവ് കൂടിയാണിത്. വരും കാലങ്ങളിലും ഈ വേഗത തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്’ – കേന്ദ്രമന്ത്രിയുടെ എക്സ് പോസ്റ്റിനോട് പ്രധാനമന്ത്രി മോദി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.