ദില്ലി: ഇന്ത്യന്‍ നാവികസേനക്ക് കരുത്തേകാൻ 6 പുതിയ അന്തര്‍വാഹിനികള്‍ കൂടി വരുന്നു. നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക്. പൊതുമേഖലാ കപ്പല്‍നിര്‍മാണ സ്ഥാപനമായ മസഗോണ്‍ ഡോക്ക്യാര്‍ഡ്, ജര്‍മ്മന്‍ കമ്പനിയായ തൈസ്സെന്‍ക്രുപ്പ് മറൈന്‍ സിസ്റ്റം എന്നിവരുടെ സംയുക്ത സംരംഭത്തിനാണ് അന്തര്‍വാഹിനി നിര്‍മിക്കാനുള്ള കരാര്‍ ലഭിക്കുന്നത്. ബിഡ് പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായി മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് അറിയിച്ചു.
ഏറെനേരം സമുദ്രാന്തര്‍ഭാഗത്ത് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനമുള്ള അന്തര്‍വാഹിനികളാണ് നാവികസേന ആവശ്യപ്പെട്ടിരിക്കുന്നത്. കരയാക്രമണത്തിനുള്ള ശേഷി, കപ്പലുകളെ ആക്രമിക്കല്‍, അന്തര്‍വാഹിനികളെ ആക്രമിക്കല്‍, രഹസ്യവിവര ശേഖരണം എന്നിവ നടപ്പിലാക്കല്‍ തുടങ്ങിയവയാണ് അന്തര്‍വാഹിനികളുടെ പ്രത്യേകത. പ്രതിരോധമന്ത്രാലയം അന്തര്‍വാഹിനി ഇടപാടിനായി നിശ്ചയിച്ചിരുന്നത് 43,000 കോടിരൂപയാണ്. എന്നാല്‍ ജര്‍മ്മന്‍കമ്പനിയുടെ സാങ്കേതികവിദ്യ പ്രകാരം ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാൻ 70,000 കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്.
2021 ജൂലൈയിൽ പ്രതിരോധ മന്ത്രാലയം ഈ അന്തർവാഹിനികൾക്കായി കരാർ മുന്നോട്ട് വെച്ചിരുന്നു. പിന്നീട് 2023 ഓഗസ്റ്റ് വരെ നീട്ടി. പ്രോജക്ട് 75ഐ എന്ന പദ്ധതി പ്രകാരമാണ് അന്തര്‍വാഹിനികള്‍ നിര്‍മിക്കുക. ധാരണയനുസരിച്ച് എംഡിഎല്ലും പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള കരാർ ഒപ്പിട്ട തീയതി മുതൽ 7 വർഷത്തിനുള്ളിൽ ആദ്യത്തെ അന്തർവാഹിനി ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറണം.