വിദേശികളിൽ ചിലരെങ്കിലും ഇന്ത്യയിലേക്കുള്ള യാത്ര അപകടം പിടിച്ചതാണ് എന്നും സുരക്ഷയില്ലാത്തതാണ് എന്നും കരുതാറുണ്ട്. എന്നാൽ, ഓസ്ട്രേലിയയിൽ നിന്നും ഇന്ത്യ സന്ദർശിക്കാനെത്തിയ ഒരു യുവതി പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
https://www.instagram.com/reel/DGk1DI3zbQo/?utm_source=ig_embed&utm_campaign=loading
താൻ ചെയ്ത ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണ് ഇന്ത്യയിലേക്കുള്ള യാത്ര എന്നാണ് ബെക്ക് മക്കോൾ എന്ന യുവതി പറയുന്നത്. വീണ്ടും ഇന്ത്യയിലേക്ക് വരാൻ കാത്തിരിക്കുകയാണ് എന്നും ബെക്ക് പറയുന്നു. ഒപ്പം ഇന്ത്യയെ കുറിച്ച് കേട്ട കാര്യങ്ങളൊന്നും ശരിയല്ല എന്നും ആ അപവാദങ്ങളിൽ വിശ്വസിക്കരുത് എന്നും അവർ തന്റെ വീഡിയോയിൽ പറയുന്നു.
അതിൽ ഒന്നാമതായി പറയുന്നത്, സുരക്ഷയെ കുറിച്ചാണ്. യുവതികളായ യാത്രക്കാർക്ക് ഇന്ത്യ അപകടമാണ് എന്ന് താൻ കേട്ടിരുന്നു. എന്നാൽ, അത് ശരിയല്ല ഒരിക്കലും താൻ സുരക്ഷിതയല്ല എന്ന് തോന്നീട്ടില്ല എന്നും ബെക്ക് പറഞ്ഞു. ഒരു രാത്രി മാത്രം ആണ് അങ്ങനെ തോന്നിയത്. അത് രാത്രിയിൽ താൻ തനിച്ച് പുറത്തായിരുന്നത് കൊണ്ടു മാത്രമാണ് എന്നും അവർ പറയുന്നു.
ഓട്ടോറിക്ഷകളിൽ യാത്ര ചെയ്തതിന്റെയും, ഗതാഗതക്കുരുക്കിൽ പെട്ടതിന്റെയും, വിവിധ ആളുകളെ കണ്ടുമുട്ടിയതിന്റെയും, ചരിത്രസ്മാരകങ്ങൾ സന്ദർശിച്ചതിന്റെയും ഒക്കെ വിവരങ്ങൾ ബെക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
അതുപോലെ എല്ലാ ഭക്ഷണത്തിനും എരിവായിരിക്കും എന്ന് പറയുന്നത് ശരിയല്ല എന്നും ബെക്ക് പറയുന്നു. ഇന്ത്യയിലെ ഭക്ഷണം പ്രത്യേകിച്ച് വെജിറ്റേറിയൻ ഭക്ഷണം വളരെ നല്ലതായിരുന്നു എന്നാണ് അവൾ പറയുന്നത്. ഭക്ഷ്യവിഷബാധയെ കുറിച്ച് താൻ ഭയന്നിരുന്നു, എന്നാൽ ഒരിക്കലും അത് ഉണ്ടായില്ല എന്നും അവർ പറയുന്നു.
ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തെ കുറിച്ചാണ് അടുത്തതായി അവൾ പറയുന്നത്. ഇത്രയേറെ ചരിത്രമുള്ള, ചരിത്രസ്മാരകങ്ങളുള്ള, യുനെസ്കോ സൈറ്റുകളുള്ള ഒരിടമാണ് ഇന്ത്യ എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ബെക്ക് പറയുന്നു.
എന്തായാലും, ഇന്ത്യയെ കുറിച്ച് ഇത്തരം അപവാദങ്ങളൊന്നും വിശ്വസിക്കരുത് എന്നും അതിന്റെ പേരിൽ ഇന്ത്യ സന്ദർശിക്കാതിരിക്കരുത് എന്നുമാണ് ബെക്ക് പറയുന്നത്.