ഇന്ത്യക്കാർ അടക്കമുള്ള വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം ഉണ്ടായ കിർഗിസ്താനിലെ ബിഷ്കേക്കിൽ സ്ഥിതി പൂർണ്ണമായും ശാന്തമായെന്ന് കിർഗ് സർക്കാർ. നഗരത്തിൽ വിദേശ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി 2700 പൊലീസുകാരെ അധികമായി നിയോഗിച്ചതായി സർക്കാർ അറിയിച്ചു. വിദ്യാർത്ഥികളെ ഇപ്പോൾ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലദേശ്, ഈജിപ്ത് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നേരെ ബിഷ്കേക്ക് നഗരത്തിൽ ആക്രമണം തുടങ്ങിയത് നിസാര പ്രശ്നത്തെ തുടർന്നായിരുന്നുവെന്നാണ് കിർഗിസ്ഥാൻ സർക്കാർ വിശദീകരിക്കുന്നത്. മെയ് 13 ന് പ്രദേശവാസികളായ ഒരു സംഘവും വിദേശ വിദ്യാർത്ഥികളുടെ സംഘവും തമ്മിൽ പൊതു സ്ഥലത്തുവച്ച് തർക്കം ഉണ്ടായി. ഇതിന് പ്രതികാരം ചെയ്യാനായി മെയ് 17 ന് ആയിരത്തോളം തദ്ദേശീയർ സംഘടിച്ച് ഹോസ്റ്റലിൽ കടന്ന് വിദേശ വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. 29 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ അടക്കം 180 പാകിസ്ഥാൻ വിദ്യാർഥികൾ പ്രത്യേക വിമാനത്തിൽ ഇന്നലെ നാട്ടിലേക്ക് മടങ്ങി.
മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ ആശങ്കയിൽ ആണെങ്കിലും സ്ഥിതി ശാന്തമായ നിലയ്ക്ക് ഇവരെ അടിയന്തിരമായി ഒഴിപ്പിക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. സ്ഥിതിഗതികൾ ശാന്തമായി വരികയാണെന്ന് മലയാളി വിദ്യാർഥികൾ പറഞ്ഞു.കിർഗിസ്താനിലെ ഇന്ത്യൻ നയതന്ത്ര കാര്യലയം സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വിദ്യാർഥികൾ താമസ സ്ഥലം വിട്ട് പുറത്തിറങ്ങരുതെന്ന നിർദേശം നിലനിൽക്കുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഈജിപ്ത് പൗരന്മാരായ നാലുപേർ അറസ്റ്റിൽ ആണെന്നും ഊർജിത അന്വേഷണം തുടങ്ങിയെന്നും കിർഗ് സർക്കാർ അറിയിച്ചു. വിദേശ വിദ്യാർഥികൾ കൂട്ടത്തോടെ നാടു വിട്ടാൽ അത് സാമ്പത്തിക മേഖലയെ തന്നെ ബാധിക്കും എന്നതിനാൽ കിർഗ് സർക്കാർ വളരെ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്. വിദേശ വിദ്യാർത്ഥികൾക്കുനേരെ ആക്രമണം അനുവദിക്കില്ലെന്ന് മന്ത്രിസഭ യോഗം വ്യക്തമാക്കി. പുതിയ അക്രമ സംഭവങ്ങൾ ഒന്നും ഇല്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തരുതെന്നും സർക്കാർ അഭ്യർത്ഥിച്ചു. സംഘർഷത്തിൽ വിദ്യാർഥികൾ കൊല്ലപ്പെട്ടെന്നും പെൺകുട്ടികൾക്ക് നേരെ അതിക്രമം നടന്നുവെന്നുമുള്ള പ്രചാരണങ്ങൾ കിർഗ്സർക്കാർ നിഷേധിച്ചു.