ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിംഗ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മോദി സര്‍ക്കാര്‍ സഹകരിക്കാത്ത പക്ഷം ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കില്ലെന്ന് കാനഡ.
സാൻഫ്രാൻസിസ്കോയില്‍ ഏഷ്യ – പസഫിക് ഇക്കണോമിക് കോ – ഓപ്പറേഷൻ ഉച്ചകോടിക്കിടെ വ്യാപാര മന്ത്രി മേരി ഇംഗിന്റേതാണ് പ്രസ്താവന. സെപ്തംബര്‍ ആദ്യമാണ് കരാര്‍ ചര്‍ച്ചകള്‍ കാനഡ താത്കാലികമായി നിറുത്തിയത്.
നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നതിന്റെ തെളിവ് കാനഡ പുറത്തുവിടണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ആവര്‍ത്തിച്ചു. ഇതുവരെ ഒരു തെളിവും ഇന്ത്യയ്ക്ക് കാനഡ കൈമാറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം, കാനഡയില്‍ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുമെന്ന ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരര്‍ വീണ്ടും രംഗത്തെത്തി. കാനഡയില്‍ ഖാലിസ്ഥാൻവാദികള്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടും കനേഡിയൻ ഭരണകൂടം മൗനം തുടരുന്നതിനിടെയാണിത്.