കാനഡയില്‍ ഉള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജാഗ്രത നിര്‍ദേശം പുറത്ത് ഇറക്കി വിദേശകാര്യ മന്ത്രാലയം. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് ഉള്ള യാത്ര ഒഴിവാക്കണം എന്നാണ് മന്ത്രാലയം നിര്‍ദേശിച്ചത്.
ഖലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്.
‘ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും അക്രമങ്ങളും കാനഡയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, അവിടെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും അവിടേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നവരും അതീവ ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു’ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാനഡയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനും കോണ്‍സുലേറ്റ് ജനറലും കനേഡിയന്‍ അധികൃതരുമായി ബന്ധപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യന്‍ പൗരന്മാരും കാനഡയിലുള്ള ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലോ ടൊറന്റോയിലെ കോണ്‍സുലേറ്റിലോ അതത് വെബ്സൈറ്റുകളിലൂടെയോ ‘MADAD’ പോര്‍ട്ടലിലൂടെയോ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ഇങ്ങനെ ചെയ്യുന്നതിലൂടെ എന്തെങ്കിലും അടിയന്തര സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാരുമായി ബന്ധപ്പെടാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രാലയം അറിയിച്ചു.