ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ ഇന്ത്യ വലിയ നേട്ടമുണ്ടാക്കിയെന്ന് ഐക്യരാഷ്ട്രസഭ (യു.എൻ.). 2005-06 മുതല്‍ 2019-21 വരെയുള്ള 15 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 41.5 കോടിപ്പേര്‍ ദാരിദ്ര്യത്തില്‍നിന്ന് മുക്തിനേടി.
യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമും (യു.എൻ.ഡി.പി.) ഓക്സഫഡ് പോവര്‍ട്ടി ആൻഡ് ഹ്യുമൻ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവും ചേര്‍ന്ന് ചൊവ്വാഴ്ചയാണ് സൂചിക പുറത്തിറക്കിയത്. കംബോഡിയ, ചൈന, കോംഗോ, ഹോണ്ഡുറസ്, ഇൻഡൊനീഷ്യ, മൊറോക്കോ, സെര്‍ബിയ, വിയറ്റ്നാം തുടങ്ങി 25 രാജ്യങ്ങളിലും ഇക്കാലത്തിനിടെ ദരിദ്രരുടെ എണ്ണം പകുതിയായി.
ഏപ്രിലോടെ ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറി. 142.86 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. 2005-06 കാലയളവില്‍ പലകാരണങ്ങള്‍കൊണ്ട് 64.5 കോടി ജനങ്ങളാണ് ഇന്ത്യയില്‍ ദാരിദ്ര്യമനുഭവിച്ചിരുന്നത്. ഇത് 2015-16 ആയപ്പോള്‍ 37 കോടി ആയി കുറഞ്ഞു. 2019-20 ആയപ്പോഴേക്കും 23 കോടിയിലെത്തി.