ബെംഗളൂരു: വന്ദേഭാരത് ട്രെയിനിൽ പുക കണ്ട് ഭയന്ന് യാത്രക്കാർ. ട്രെയിനിൽ പുക ഉയർന്നതോടെ തീപിടച്ചതാണെന്ന് കരുതി യാത്രക്കാർ പരക്കം പാഞ്ഞു. എന്നാൽ മറ്റൊരു യാത്രക്കാരൻ ശുചിമുറിയിൽ കയറി ബീഡി വലിച്ചതാണ് പുക ഉയരാൻ കാരണമെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് യാത്രക്കാരനെ അറസ്റ്റ് ചെയ്തു. തിരുപ്പതി-ഹൈദരാബാദ് വന്ദേ ഭാരതിലാണ് സംഭവം. ആളുകൾ ബഹളം വെച്ചതോടെ ട്രെയിനിലെ അഗ്നി നിയന്ത്രണ സംവിധാനം പ്രവർത്തിക്കുകയായിരുന്നു. യാത്രക്കാർ അപായ സൈറൺ മുഴക്കി ട്രെയിൻ നിർത്തിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ശുചിമുറിയിൽ നിന്ന് യാത്രക്കാരനെ കണ്ടെത്തിയത്. ഉടനടി ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
കേരളത്തിന് കേന്ദ്രം വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിന് പിറകെ നിരവധി തവണയാണ് വന്ദേഭാരത് വാർത്തകളിൽ നിറയുന്നത്. വന്ദേഭാരതിനുള്ള വരവേൽപ്പും തുടർന്നുള്ള നീക്കങ്ങളും വാർത്തയായിരുന്നു. നിലവിൽ വന്ദേഭാരത് ലാഭകരമായാണ് ഓടുന്നതെന്നാണ് റിപ്പോർട്ട്. അതിനിടെ കേരളത്തിന് രണ്ടാമതൊരു വന്ദേഭാരത് കൂടി ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കാസർകോട് നിന്ന് തലസ്ഥനത്തേക്ക് ഒരു വന്ദേ ഭാരത് ട്രെയിൻ കൂടി അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതായി കെ സുരേന്ദ്രന് അറിയിച്ചു.വൈകാതെ നടപടികൾ പൂർത്തിയാക്കി ഒരു വന്ദേ ഭാരത് കൂടി കേരളത്തില്‍ ഓടി തുടങ്ങുമെന്നാണ് കെ സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സിൽവർ ലൈൻ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാർ ഉദ്ദേശിച്ച രീതിയിൽ ഒരിക്കലും പദ്ധതി നടക്കാൻ പോകുന്നില്ല. മെട്രോമാൻ ഇ ശ്രീധരന്റെ അഭിപ്രായം സര്‍ക്കാർ അംഗീകരിക്കും എന്ന് തോന്നുന്നില്ലെന്നും വിഷയത്തിൽ കേരള സർകാർ പ്രതികരിക്കട്ടെ എന്നും കെ സുരേന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു