തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യുമോ എന്നതാണ് വലിയ ആകാംക്ഷ. വീണ അടക്കമുള്ളവർക്ക് ഉടൻ എസ്എഫ്ഐഒ സമൻസ് അയക്കും. അതേസമയം കുറ്റപത്രം റദ്ദാക്കാൻ വീണയടക്കമുള്ള പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യതകളേറെയാണ്.
മാസപ്പടി അടിവരയിട്ടാണ് പ്രോസിക്യൂഷൻ അനുമതി. ഇൻട്രിം സെറ്റിൽമെൻ്റ് ബോർഡ് ഉത്തരവും ആർഒസി കണ്ടെത്തലും കഴിഞ്ഞ് എസ്എഫ്ഐഒയും മുഖ്യമന്ത്രിയുടെ മകൾക്ക് കിട്ടിയത് ചെയ്യാത്ത സേവനത്തിനുള്ള പണമാണെന്ന് വ്യക്തമാക്കുന്നു. കമ്പനികാര്യ ചട്ടങ്ങളുടെ ഗുരുതര ലംഘനം കണ്ടെത്തിയതിന് പിന്നാലെ തന്നെ, എസ്എഫ്ഐഒയ്ക്ക് മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാൽ കരുതലോടെയായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ റിപ്പോർട്ട് മന്ത്രാലയത്തിന് മുമ്പാകെ സമർപ്പിച്ച്, പ്രോസിക്യൂഷൻ അനുമതിക്കായി കാത്തിരുന്നു. തുടർനടപടികൾക്ക് തടസ്സമില്ലെന്ന ദില്ലി കോടതിയുടെ തീരുമാനം കൂടി വന്നതോടെ, പ്രോസിക്യൂഷൻ നടപടികൾ എസ്എഫ്ഐഒ വേഗത്തിലാക്കി.
കോടതിയിലെ വിചാരണ നടപടികൾക്ക് കാത്തിരിക്കുമ്പോഴും, വേണമെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്യാം. എന്നാൽ രാഷ്ട്രീയ പ്രാധാന്യമുള്ള കേസിൽ, എസ്എഫ്ഐഒ അതിന് മുതിരുമോ എന്നുള്ളതാണ് നിർണ്ണായകം. നേരത്തെ 1.72 കോടി രൂപയായിരുന്നു എക്സാലോജിക്ക് – സിഎംആർഎൽ കേസിലെ ഇടപാട് തുകയെങ്കിൽ, എസ്എഫ്ഐഒ അന്വേഷണ റിപ്പോട്ടോടെ, ഇനി 2 കോടി 70 ലക്ഷം രൂപയ്ക്ക് വീണ ടിയും സിഎംആർഎല്ലും മറുപടി നൽകണം. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമാണ് എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ്. ഈ സ്ഥാപനത്തിൽ നിന്ന് വായ്പയായാണ് പണം വാങ്ങിയതെന്നായിരുന്നു വീണയുടെ വാദം. എസ്എഫ്ഐഒ അന്വേഷണത്തിൽ അതും പൊളിയുകയാണ്. നൽകിയ സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന് ആവർത്തിച്ചിരുന്ന വീണയ്ക്ക് എസ്എഫ്ഐഒ അന്വേഷണത്തിലും തെളിവൊന്നും ഹാജരാക്കാനായില്ല.