മാന്നാർ: രണ്ട് പതിറ്റാണ്ട് മുമ്പ് ഭാര്യയെ തലയ്ക്കടിച്ചും കഴുത്തറുത്തും അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) നാളെ വിധി പറയും. മാന്നാർ ആലുംമുട്ടിൽ താമരപ്പള്ളി വീട്ടിൽ ജയന്തിയെ (35) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുട്ടിക്കൃഷ്ണൻ (62) കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. കേസിൽ പ്രതി ഭാഗത്തിന്‍റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായി.
കുട്ടികൃഷ്ണന്റെ പ്രായവും മാതാപിതാക്കളുൾപ്പെടെ ആരുടെയും തുണയില്ലാത്തതും പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദത്തെ പ്രോസിക്യൂഷൻ എതിർത്തു. ഒന്നേകാൽ വയസ് മാത്രമുള്ള കുഞ്ഞിന്റെ മുന്നിൽ ജയന്തിയെ അതിക്രൂരമായി കൊലയ്ക്കിരയാക്കിയ പ്രതി ഇളവ് അർഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടർ പി വി സന്തോഷ് കുമാർ വാദിച്ചു. 2004 ഏപ്രിൽ രണ്ടിന് പകൽ മൂന്നോടെയായിരുന്നു കേസിനാസ്പദമായ സംഭവം.