ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അഞ്ച് വര്‍ഷത്തേക്ക് രാഷ്ട്രീയത്തില്‍ നിന്ന് വിലക്കിയതായി റിപ്പോര്‍ട്ട്.
തോഷഖാന അഴിമതി കേസില്‍ ലാഹോറില്‍ അറസ്റ്റിലായതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് തീരുമാനം. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാൻ തിരഞ്ഞെടുപ്പ് പാനല്‍ ഖാൻ അയോഗ്യനാണെന്ന് പ്രഖ്യാപിച്ചത്. ഈ വിധിയിലൂടെ നവംബറില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഖാനിന് മത്സരിക്കാൻ കഴിയില്ല. അതേസമയം, കുറ്റവാളിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഖാന്റെ വക്കീല്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അത് ഇസ്ലാമാബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ നയീം പഞ്ജുത പറഞ്ഞു.
പാകിസ്ഥാൻ നിയമപ്രകാരം, ശിക്ഷിക്കപ്പെട്ട ഒരാള്‍ക്ക് ECP നിര്‍വചിച്ചിരിക്കുന്ന കാലയളവിലേക്ക് ഒരു പൊതു ഓഫീസിലേക്കും മത്സരിക്കാനാവില്ല, അത് ശിക്ഷിക്കപ്പെട്ട തീയതി മുതല്‍ പരമാവധി അഞ്ച് വര്‍ഷം വരെയാകാം. അതേസംയം, അയോഗ്യതയെ പാര്‍ട്ടി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഖാന്റെ സഹായി സുള്‍ഫിക്കര്‍ ബുഖാരി പറഞ്ഞു.
ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന (2018-22) കാലത്തു വിദേശത്തുനിന്നു ലഭിച്ച 14 കോടി പാക്കിസ്ഥാൻ രൂപ (5.25 കോടി ഇന്ത്യൻ രൂപ) വിലവരുന്ന സമ്മാനങ്ങള്‍ കുറഞ്ഞവിലയ്ക്കു സര്‍ക്കാര്‍ ഖജനാവില്‍നിന്നു ലേലത്തില്‍ വാങ്ങിയശേഷം മറച്ചുവിറ്റെന്നതാണു തോഷഖാന അഴിമതിക്കേസ്. ശനിയാഴ്ചയാണ് കോടതി ഇമ്രാനെ 3 വര്‍ഷം തടവിനു ശിക്ഷിച്ചതും ലഹോര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതും.
ജയിലില്‍ കഴിയാൻ തയ്യാര്‍: ഇമ്രാൻ
ജീവിതകാലം മുഴുവൻ ജയിലില്‍ കഴിയാൻ തയ്യാറാണെന്ന് പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ) ചെയര്മാൻ ഇമ്രാൻ ഖാൻ അറിയിച്ചതായി അദ്ദേഹത്തിന്റെ അഭിഭാക്ഷകൻ പഞ്ജോത പറഞ്ഞു. ഇമ്രാനെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിന്റെ മോശം അവസ്ഥയെക്കുറിച്ചും അഭിഭാഷകൻ വിശദീകരിച്ചു. ഖാനെ കണ്ടതിന് ശേഷം കഴിഞ്ഞ ദിവസമാണ് പി.ടി.ഐ മേധാവിയുടെ അഭിഭാഷകൻ പഞ്ജോത ഇക്കാര്യം പറഞ്ഞത്. അതേസമയം, പക്ഷപാതപരമായി പെരുമാറിയ ജഡ്ജിയുടെ വിധി ന്യായമായ നടപടിക്രമങ്ങളുടെയും നീതിയുക്തമായ വിചാരണയുടെയും മുഖത്തേറ്റ അടിയായിരുന്നുവെന്നും ഇമ്രാൻ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.