പതിനാലാമത് മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ (IFFM) ഓഗസ്റ്റ് 11 വെള്ളിയാഴ്ച തുടങ്ങും. ഓസ്ട്രേലിയയിലെ എല്ലാ ഭാഗത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി മേളയിലെ ചിത്രങ്ങള്‍ കാണാനും അവസരമുണ്ടാകും.വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് മെല്‍ബണ്‍ ആര്‍ട്സ് സെന്ററില്‍ നടക്കുന്ന അവാര്‍ഡ് നിശയോടെയാണ് ചലച്ചിത്രമേളയ്ക്ക് ഔദ്യോഗിക തുടക്കമാകുന്നത്.കരണ്‍ ജോഹര്‍, മലൈക അറോറ, കാര്‍ത്തിക് ആര്യന് തുടങ്ങി നിരവധി പേര് അവാര്‍ഡ് നിശയില്‍ പങ്കെടുക്കും.
അഭിഷേക് ബച്ചനും, സയാമി ഘേറും മുഖ്യവേഷത്തിലെത്തുന്ന ഘൂമര് എന്ന ചിത്രത്തിന്റെ ലോക പ്രീമിയറോടെ ശനിയാഴ്ച പ്രദര്‍ശനങ്ങള്‍ തുടങ്ങും.അഭിഷേക് ബച്ചന്, ശബാന ആസ്മി, സയാമി ഘേര്‍, അംഗദ് ബേദി, സംവിധായകന് ആര് ബല്‍കി തുടങ്ങിയവര്‍ പങ്കെടുക്കും.ഓഗസ്റ്റ് 14 തിങ്കളാഴ്ച അഞ്ജലി മേനോന് സംവിധാനം ചെയ്ത വണ്ടര്‍ വിമന്‍ എന്ന സിനിമയും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
തുടര്‍ന്ന് അഞ്ജലി മേനോനുമായുള്ള ചോദ്യോത്തരവേളയുമുണ്ടാകും.20 ഭാഷകളില്‍ നൂറിലേറെ ചിത്രങ്ങളുമായാണ് 2023ലെ IFFM എത്തുന്നത്.ബാക്കി വന്നവര്‍, ഫാമിലി, ലക്ഷ്മി, വഴക്ക്, വേട്ടപ്പട്ടികളും ഓട്ടക്കാരും, ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും തുടങ്ങിയ മലയാളചിത്രങ്ങളും മേളയിലുണ്ട്.
നിരവധി ചിത്രങ്ങളുടെ പ്രീമിയര്‍ ഷോകളും, നൃത്ത പരിപാടികളും, പാനല്‍ ചര്‍ച്ചകളും മേളയിലുണ്ട്. ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഓഗസ്റ്റ് 12ന് ഷബാന ആസ്മി പതാക ഉയര്‍ത്തും.
ചലച്ചിത്രമേളയുടെ വേദിയിലെത്തി ചിത്രങ്ങള്‍ കാണുന്നതിന് പുറമേ, ഓസ്ട്രേലിയയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ഓണ്‍ലൈനില്‍ മേളയിലെ ചിത്രങ്ങള്‍ ആസ്വദിക്കാം. അത് പൂര്‍ണമായും സൗജന്യമാണ്.