ഹൂസ്റ്റണ്‍: ബഹിരാകാശത്ത് യാത്രികര്‍ ആരെങ്കിലും മരിച്ചാല്‍ മൃതദേഹം എന്തു ചെയ്യണമെന്ന നിര്‍ദേശവുമായി നാസ. അമേരിക്കയുടെ ചാന്ദ്ര, ചൊവ്വാ പര്യവക്ഷേണങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പ്രോട്ടോക്കോള്‍ പുറത്തിറക്കിയത്.
ബഹിരാകാശ ദൗത്യങ്ങള്‍ക്കായി തെരഞ്ഞെടുക്കുന്ന ബഹിരാകാശ പര്യവേക്ഷകര്‍ കഴിയുന്നത്ര ആരോഗ്യമുള്ളവരാണെന്ന് ഉറപ്പാക്കുമെന്ന് നാസ വ്യക്തമാക്കി. അതേസമയം, ദൗത്യത്തിനിടെ ആരെങ്കിലും ബഹിരാകാശത്ത് മരിച്ചാല്‍ ശരീരം എന്ത് ചെയ്യണമെന്നും നിഷ്കര്‍ഷിക്കുന്നു.
അന്തര്‍ദേശീയ ബഹിരാകാശ നിലയത്തിലേത് പോലെയുള്ള ലോ-എര്‍ത്ത്-ഓര്‍ബിറ്റ് ദൗത്യത്തിനിടെ ആരെങ്കിലും മരിച്ചാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ക്രൂവിന് മൃതദേഹം ഒരു ക്യാപ്സ്യൂളില്‍ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയും. ചന്ദ്രനില്‍ മരണം സംഭവിക്കുകയാണെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മൃതദേഹവുമായി ബഹിരാകാശ യാത്രികര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകും. അത്തരം സംഭവങ്ങളെ കൈകാര്യം ചെയ്യാനായി നാസക്ക് വിശദമായ പ്രോട്ടോക്കോളുകള്‍ നിലവിലുണ്ട്. പെട്ടെന്ന് ഭൂമിയിലേക്ക് മടങ്ങാമെന്നതില്‍ മൃതശരീരത്തിന്റെ സംരക്ഷണം പ്രധാന ആശങ്കയായിരിക്കില്ല. എന്നാല്‍, ശേഷിക്കുന്ന യാത്രികരെ സുരക്ഷിതമായി ഭൂമിയിലേക്ക് എത്തിക്കുക എന്നതാണ് ആദ്യ മുൻഗണന.
ചൊവ്വയിലേക്കുള്ള 300 ദശലക്ഷം മൈല്‍ യാത്രയ്ക്കിടെ മരിച്ചാല്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. ആ സാഹചര്യത്തില്‍, ക്രൂവിന് മടങ്ങാൻ കഴിയില്ല. പകരം, ദൗത്യത്തിന്റെ അവസാനത്തില്‍ മാത്രമാണ് മൃതശരീരം ക്രൂവിനൊപ്പം ഭൂമിയിലേക്ക് എത്തുക. ഇതിനിടയില്‍, ജീവനക്കാര്‍ മൃതദേഹം ഒരു പ്രത്യേക അറയിലോ പ്രത്യേക ബോഡി ബാഗിലോ സൂക്ഷിക്കും. ബഹിരാകാശ വാഹനത്തിനുള്ളിലെ സ്ഥിരമായ താപനിലയും ഈര്‍പ്പവും മൃതദേഹം സംരക്ഷിക്കാൻ സഹായിക്കും. മനുഷ്യ ബഹിരാകാശ പര്യവേക്ഷണം ആരംഭിച്ചതിനുശേഷം 20 പേരാണ് മരിച്ചത്.
1986 ലും 2003 ലും നാസ സ്പേസ് ഷട്ടില്‍ ദുരന്തങ്ങളില്‍ 14 പേരും 1971 സോയൂസ് 11 ദൗത്യത്തില്‍ മൂന്ന് ബഹിരാകാശയാത്രികരും 1967 ലെ അപ്പോളോ 1 ലോഞ്ച് പാഡില്‍ തീപിടുത്തത്തില്‍ മൂന്ന് ബഹിരാകാശയാത്രികരും മരിച്ചു. 2025ല്‍ ചന്ദ്രനിലേക്കും അടുത്ത പത്തുവര്‍ഷത്തില്‍ ചൊവ്വയിലേക്കും മനുഷ്യരെ അയയ്ക്കാനാണ് നാസയുടെ പദ്ധതി. വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ യാത്രയും സജീവമായി.