വാഷിംഗ്ടണ്‍: ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്കിന്റെ അമേരിക്കന്‍ ബിസിനസ് എക്സ് (പഴയ ട്വിറ്റര്‍) ഉടമ ഇലോണ്‍ മസ്ക് ഏറ്റെടുക്കാനുള്ള സാധ്യത വീണ്ടും തെളിയുന്നു. ടിക്ടോക്കിനെ വാങ്ങാന്‍ ഇലോണ്‍ മസ്കിന് ആഗ്രഹമുണ്ടെങ്കില്‍ താന്‍ അനുകൂലമാണ് എന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതോടെയാണിത്. ‘ഞാന്‍ ടിക്ടോക്കിന്റെ ഉടമകളുമായി കൂടിക്കാഴ്ച നടത്തി. ടിക്ടോക്ക് ആരെങ്കിലും വാങ്ങുന്നുണ്ടെങ്കില്‍ അത് ചെയ്ത് പാതി ബിസിനസ് അമേരിക്കയ്ക്ക് നല്‍കണമെന്നാണ് എനിക്ക് പറയാനുള്ളത്’ എന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
പ്രമുഖ ചൈനീസ് ഫോട്ടോ, വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോക്കിന്റെ അമേരിക്കന്‍ ബിസിനസ് കഴിഞ്ഞ ആഴ്ച കനത്ത പ്രതിസന്ധിയിലായിരുന്നു. യുഎസില്‍ സുരക്ഷാ കാരണം പറഞ്ഞ് ടിക്ടോക്കിനെ പൂര്‍ണമായും നിരോധിക്കാന്‍ ശ്രമം നടന്ന സാഹചര്യത്തിലായിരുന്നു ഇത്. ഒന്നെങ്കില്‍ യുഎസിലെ ബിസിനസ് അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ ടിക്ടോക് പ്ലാറ്റ്ഫോമിന്റെ രാജ്യത്തെ പ്രവര്‍ത്തനം ഏതെങ്കിലും അമേരിക്കന്‍ കമ്പനിയെ ഏല്പിക്കുകയോ മാത്രമായിരുന്നു ടിക്ടോക്കിന്റെ മുന്നിലുണ്ടായിരുന്ന പോംവഴി. ഈ പ്രത്യേക സാഹചര്യത്തില്‍ എക്സ് ഉടമയും ശതകോടീശ്വരുമായ ഇലോണ്‍ മസ്ക്, ടിക്ടോക്കിന്റെ യുഎസ് ബിസിനസ് ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ടിക്ടോക്കിനെ നിരോധിക്കാന്‍ 2024ലാണ് യുഎസ് കോണ്‍ഗ്രസ് തീരുമാനമെടുത്തത്. അന്നത്തെ പ്രസിഡന്റ് ജോ ബൈഡന് ഈ ഉത്തരവില്‍ ഒപ്പുവച്ചിരുന്നു. ടിക്ടോക്കിനെ നിരോധിക്കാനുള്ള യുഎസ് കോണ്‍ഗ്രസ് തീരുമാനം കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് നിരോധനം പ്രാബല്യത്തില്‍ വരേണ്ടിയിരുന്നത്. എന്നാല്‍ തിങ്കളാഴ്ച ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ ഈ സാഹചര്യം മാറി. അധികാരമേറ്റയുടന്‍ ടിക്ടോക്കിന്റെ നിരോധന ഉത്തരവ് ട്രംപ് മരവിപ്പിക്കുകയായിരുന്നു. മസ്കുമായുള്ള അടുപ്പമാണ് ട്രംപിനെ ഈ നിലപാടിലേക്ക് എത്തിച്ചത് എന്ന് അഭ്യൂഹങ്ങളുണ്ട്. ട്രംപ് ഇപ്പോള്‍ പരസ്യ താത്പര്യം പ്രകടിപ്പിച്ചതോടെ ടിക്ടോക്കിന്റെ യുഎസ് പ്രവര്‍ത്തനം ഇലോണ്‍ മസ്ക് വാങ്ങിക്കാനുള്ള സാധ്യത വീണ്ടും തെളിയുകയാണ്.
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ടിക്ടോക്. അമേരിക്കയില്‍ 17 കോടി ഉപഭോക്താക്കള്‍ ഈ ഫോട്ടോ, വീഡിയോ ഷെയറിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനുണ്ട്. 2018ലായിരുന്നു അമേരിക്കന്‍ വിപണിയിലേക്ക് ടിക്ടോക്കിന്റെ രംഗപ്രവേശം.