പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. സഹപാഠികളായ മൂന്ന് വിദ്യാർത്ഥികളും അമ്മുവുമായി പ്രശ്നങ്ങളുണ്ടായിരുന്നു. അത് കോളേജിനുള്ളിൽ തന്നെ പരിഹരിച്ചതാണ്, ആത്മഹത്യ ചെയ്യേണ്ട കാരണങ്ങളില്ലായിരുന്നുവെന്ന് അമ്മു സജീവിന്റെ ക്ലാസ് ടീച്ചർ ഉൾപ്പെടെ മൊഴി നൽകി. ആരോപണ വിധേയരായ വിദ്യാർത്ഥിനികളെയും അടുത്ത ദിവസം പൊലീസ് ചോദ്യം ചെയ്യും.
അമ്മു സജീവിന്റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കിയ പത്തനംതിട്ട പൊലീസ് പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും മൊഴിയെടുത്തു. സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികൾ അമ്മുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന പരാതി അമ്മുവിന്റെ പിതാവ് നൽകിയിരുന്നു. പിന്നാലെ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചു. വിദ്യാർത്ഥിനികളോട് വിശദീകരണം തേടിയ ശേഷം, പ്രശ്നം പരിഹരിച്ചതാണെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. അമ്മുവും സഹപാഠികളും തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നു. ലോഗ് ബുക്ക് കാണാതായും ടൂർ കോഓഡിനേറ്ററായി അമ്മുവിനെ തെരഞ്ഞെടുത്തുമൊക്കെ തർക്കം രൂക്ഷമാക്കി. എന്നാൽ പ്രശ്നങ്ങളെല്ലാം പറഞ്ഞുതീർത്തതാണെന്ന് ക്ലാസ് ടീച്ചറും പറയുന്നു.
ആരോപണവിധേയരായ മൂന്ന് വിദ്യാർത്ഥികളും ഇപ്പോള്‍ അവരുടെ വീടുകളിലാണ്. രക്ഷിതാക്കളുടെ അനുമതി വാങ്ങി അവരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. അമ്മുവിന്റെ മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് നൽകും. അതിനിടെ, വിദ്യാർത്ഥിനിയുടെ മരണത്തിൽ കോളേജിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച് എബിവിപി പ്രതിഷേധ മാർച്ച് നടത്തി. പ്രിൻസിപ്പലിന്റെ മുറിക്കുള്ളിൽ പ്രതിഷേധിച്ച പ്രവർത്തകരെ പിന്നീട് പൊലീസ് ബലംപ്രയോഗിച്ച് നീക്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.