തൃശ്ശൂർ: ലഹരിക്ക് അടിമയായ മകനെ ഇനി വേണ്ടെന്ന് ഒരു അച്ഛനും അമ്മയും. ലഹരിക്കടിമയായ മകൻ കൊല്ലാൻ ശ്രമിച്ച നടുക്കുന്ന ഓർമ്മകളിലാണ് കൊടുങ്ങല്ലൂർ സ്വദേശികളായ അബ്ദുൾ ജലീലിനും ഭാര്യ സീനത്തിനും പറയാനുള്ളത്. ലഹരി ഉപയോഗിക്കരുതെന്ന് ഉപദേശിച്ചതിനാണ് അച്ഛൻ അബ്ദുൾ ജലീലിനെ മകൻ കുത്തി വീഴ്ത്തിയത്. അടുത്തിടെ അമ്മയുടെ കഴുത്തിലും ആ മകൻ കത്തിവെച്ചു. ഇനി ഈ മകനെ വേണ്ടെന്ന് പറയുന്നു, ആ അച്ഛനും അമ്മയും. ആ ജീവിതം കാണുക. ലഹരിക്കെതിരായ “ലഹരി വലയം” തുടരുന്നു.
29 വയസ്സുള്ള മകന് മുഹമ്മദിനെ ഇനി തങ്ങളുടെ ജീവിതത്തില്‍ വേണ്ടെന്ന് ഉള്ള് നുറുങ്ങിയാണ് അബ്ദുൾ ജലീലിനും ഭാര്യയും പറയുന്നത്. ലഹരിക്കടിപ്പെട്ട മകന് തല്ലിക്കെടുത്തിയതാണ് കൊടുങ്ങല്ലൂര്‍ മരപ്പാലം അഴുവേലിക്കകത്ത് വീട്ടില്‍ അബ്ദുള്‍ ജലീലിന്റെയും സീനത്തിന്റെയും ജീവിതം. രണ്ട് മക്കളാണ് ഇരുവര്‍ക്കും. മകളെ കെട്ടിച്ചയച്ചു. കൊച്ചിയിലായിരുന്നു ആദ്യം താമസം. കൂട്ടുക്കെട്ടില്പ്പെട്ട് ലഹരിയിലേക്ക് കാലിടറിയ മകനെ രക്ഷിക്കാനാണ് ഇവർ കൊടുങ്ങല്ലൂരിലേക്ക് താമസം മാറ്റിയത്. ശാസിച്ചും ഉപദേശിച്ചും നന്നാക്കാന്‍ നോക്കിയ ഉപ്പയ്ക്ക് നേരെ മൂന്ന് കൊല്ലം മുമ്പ് മകന് കത്തിയെടുത്തു. മകനല്ലേ, ചെറുപ്പമല്ലേ എന്ന് പൊലീസുകാര്‍ പറഞ്ഞു. മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയതിന്റെ ആനുകൂല്യത്തില്‍ ഒരുമാസത്തിനുള്ളില്‍ മുഹമ്മദ് പുറത്തിറങ്ങി.