വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡെമോക്രാറ്റിക് പാർട്ടിയെ പ്രതിസന്ധിയിലാക്കി നികുതിവെട്ടിപ്പ് കേസില്‍ കുറ്റസമ്മതം നടത്തി യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ.
കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണിത്. ഒമ്ബത് സാമ്ബത്തിക കുറ്റങ്ങളാണ് ഹണ്ടറിനെതിരെ ചുമത്തിയിട്ടുള്ളത്. സ്വകാര്യ താത്പര്യങ്ങള്‍ മുൻനിറുത്തി വിചാരണ ഒഴിവാക്കാനാണ് ഹണ്ടർ കുറ്റം സമ്മതിച്ചതെന്ന് അഭിഭാഷകൻ അറിയിച്ചു. 2016-2019ല്‍ 14 ലക്ഷം ഡോളർ നികുതി ഹണ്ടർ അടച്ചില്ലെന്നാണ് കേസ്. കുറ്റം ഹണ്ടർ മുമ്ബ് നിഷേധിച്ചിരുന്നു. ഡിസംബർ 16ന് ശിക്ഷ വിധിക്കും. 17 വർഷം വരെ തടവും 10 ലക്ഷം ഡോളർ വരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പാർട്ടിയുടെ സ്ഥാനാർത്ഥിയായ കമലാ ഹാരിസ് അഭിപ്രായ സർവേകളില്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. നവംബറില്‍ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമലയുടെ എതിരാളിയും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് ഈ കുറ്റസമ്മതം ആയുധമാക്കിയേക്കും.
ലഹരി ഉപയോഗം, അനധികൃതമായി ആയുധം കൈവശംവയ്ക്കല്‍ തുടങ്ങി നിരവധി ആരോപണങ്ങള്‍ ഹണ്ടറിന്റെ പേരില്‍ ഉയർന്നിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ നല്കി തോക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ ഹണ്ടർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത് മൂന്ന് മാസം മുമ്ബാണ്. ആദ്യമായാണ് ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ മകൻ ക്രിമിനല്‍ കേസില്‍ കുറ്റക്കാരനായത്.