തിരുവനന്തപുരം: ഇക്കാലത്ത് ഡിജിറ്റൽ ബാങ്കിംഗിന്റെയും ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങളുടെയും വരവ് ഉപഭോക്താക്കൾക്ക് വലിയ സൗകര്യമാണ്. ബാങ്കുകളിലെ തിരക്കുകളിൽ നിന്നും ഒഴിവായി ഒറ്റ ക്ലിക്കിൽ അനായാസേന ബാങ്കിംഗ് പ്രക്രിയകൾ നടത്താൻ ഡിജിറ്റൽ ബാങ്കിംഗ് നിങ്ങളെ സഹായിക്കുന്നു. എന്നാൽ ഇതിന് ചില ദൂഷ്യഫലങ്ങളും ഉണ്ട്. ഇന്ന് ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള ഡിജിറ്റൽ ബാങ്കിംഗ് തട്ടിപ്പുകളെയും ഓൺലൈൻ തട്ടിപ്പ് കേസുകളെയും കുറിച്ച് നാം കേൾക്കുന്നു. അടുത്തിടെ, ജമ്പ്ഡ് ഡെപ്പോസിറ്റ് തട്ടിപ്പിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നിരുന്നു. നിങ്ങൾ നെറ്റ്ബാങ്കിംഗ്, യുപിഐ ആപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും ഡിജിറ്റൽ പേയ്മെന്റ് മോഡ് തുടങ്ങിയവ ഉപയോഗിക്കുകയാണെങ്കിൽ, വളരെ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. അത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ, അതിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഇതാ പലതരം ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ചും അവയിൽ നിന്നും എങ്ങനെ സുരക്ഷിതരാകാമെന്നും അറിയാം.
എന്താണ് ഡിജിറ്റൽ ബാങ്കിംഗ് തട്ടിപ്പുകൾ?
ഡിജിറ്റൽ ബാങ്കിംഗ് തട്ടിപ്പിൽ സൈബർ കുറ്റവാളികൾ ഉപയോക്താക്കളെ കുടുക്കുകയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കവരുകയും ചെയ്യുന്നു. ഇതിനായി ഇമെയിലുകൾ, എസ്എംഎസ് സന്ദേശങ്ങൾ, ഫോൺ കോളുകൾ, വ്യാജ വെബ്സൈറ്റുകൾ തുടങ്ങിയവയെ ഹാക്കർമാർ ഉപയോഗിക്കുന്നു. സാധാരണയായി, സൈബർ കുറ്റവാളികൾ ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകളുള്ള ലിങ്കുകൾ അയയ്ക്കും. അവ പൂർണ്ണമായും വ്യാജമായിരിക്കും. ഉപയോക്താക്കൾ അറിയാതെ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയും അവർ അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെടുകയും ചെയ്യുന്നു.
സൈബർ സുരക്ഷാ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇത്തരം തട്ടിപ്പുകൾക്കായി ഹാക്കർമാർ ഫിഷിംഗ് ആക്രമണങ്ങൾ, മാൽവെയർ, കീലോഗിംഗ് സോഫ്റ്റ്വെയര്, വ്യാജ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ, വെബ്സൈറ്റുകൾ തുടങ്ങി പല രീതികളും ഉപയോഗിക്കുന്നു. കാലഹരണപ്പെട്ട സോഫ്റ്റ്വെയർ, ഒഎസ്, പബ്ലിക് വൈഫൈ നെറ്റ്വർക്കുകൾ, ദുർബലമായ പാസ്വേഡുകൾ തുടങ്ങിയവ ഉപയോഗിക്കുന്ന ഉപയോക്താക്കളാണ് ഈ തട്ടിപ്പുകാരുടെ പ്രധാന ഇരകൾ. ടു ഫാക്ടർ ഓതൻ്റിക്കേഷൻ്റെ അഭാവവും സൈബർ കുറ്റവാളികളുടെ ജോലി എളുപ്പമാക്കുന്നു.
ഏറ്റവും സാധാരണമായ ബാങ്കിംഗ് തട്ടിപ്പുകൾ ഏതൊക്കെയാണ്? ബാങ്കിംഗ് തട്ടിപ്പുകൾ പല തരത്തിലുണ്ട്. അവയെക്കുറിച്ച് അറിയാം
ജമ്പ്ഡ് ഡെപ്പോസിറ്റ്
ഈ തട്ടിപ്പിൽ, തട്ടിപ്പുകാർ യുപിഐ വഴി ഉപയോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിൽ ചെറിയ തുക നിക്ഷേപിക്കുന്നു. ഇതിനുശേഷം, അവർ വളരെ സമർത്ഥമായ രീതിയിൽ റീഫണ്ട് അഭ്യർത്ഥനകൾ നടത്തുകയും ഉപയോക്താവിൽ നിന്ന് കൂടുതൽ തുക ആവശ്യപ്പെടുകയും ചെയ്യുന്നു. ഒരുതവണ നിങ്ങൾ പിൻ നമ്പർ എന്റർ ചെയ്താൽ ഹാക്കർക്ക് നിങ്ങളുടെ പണം നിങ്ങൾ അറിയാതെ പിന്നെയും കവരാൻ സാധിക്കും.
മൊബൈൽ ബാങ്കിംഗ് തട്ടിപ്പ്
ഇവിടെ സൈബർ കുറ്റവാളികൾ ഉപയോക്താവിൻ്റെ ഫോൺ നമ്പർ ഹാക്ക് ചെയ്യുന്നു. അതുവഴി ടു ഫാക്ടർ ഓതന്റിക്കേഷൻ മറികടക്കാൻ കഴിയും. ഇത് ചെയ്യുന്നതിലൂടെ, ഹാക്കർമാർക്ക് വളരെ സമർത്ഥമായി ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്ന് പണം കവരാൻ കഴിയും.
സിന്തറ്റിക് ഐഡന്റിറ്റി ഫ്രോഡ്
ഈ തട്ടിപ്പിൽ, വായ്പയെടുക്കുന്നതിനോ അക്കൗണ്ട് തുറക്കുന്നതിനോ ആയി തട്ടിപ്പുകാർ യഥാർഥവും വ്യാജവുമായ വിവരങ്ങളുടെ സഹായത്തോടെ മറ്റൊരു ഐഡന്റിറ്റി സൃഷ്ടിക്കുന്നു. തട്ടിപ്പ് കണ്ടെത്തുന്നത് തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗകര്യവും ഉപയോഗിക്കുന്നു.
ഫിഷിംഗ്, സ്പിയർ-ഫിഷിംഗ്
ഫിഷിംഗ്, സ്പിയർ-ഫിഷിംഗ് തട്ടിപ്പ് രീതിയിൽ തട്ടിപ്പുകാർ ഇരയെ കുടുക്കാൻ വ്യാജ ഇമെയിലുകളും സന്ദേശങ്ങളും അയയ്ക്കുന്നു, അങ്ങനെ ഇര അറിയാതെ അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ് കാർഡ് വിവരങ്ങളും പിൻ വിവരങ്ങളും ഹാക്കർക്ക് നൽകുന്നു.
എടിഎം സ്കിമ്മിംഗും കാർഡ് ക്ലോണിംഗും
ഈ തട്ടിപ്പിൽ, ഐഒടി ഉപകരണങ്ങളുടെ സഹായത്തോടെ എടിഎമ്മിലോ പേയ്മെന്റ് ടെർമിനലിലോ ഉപയോഗിക്കുന്ന കാർഡുകളുടെ വിശദാംശങ്ങൾ ഹാക്കർമാർ മോഷ്ടിക്കുന്നു. ഇതിനുശേഷം, കാർഡ് ഡ്യൂപ്ലിക്കേഷനിലൂടെ പണം തട്ടുന്നു.
ഓട്ടോമാറ്റിക് പിൻവലിക്കൽ തട്ടിപ്പ്
ഈ തട്ടിപ്പുരീതിയിൽ ഹാക്കർമാർ സമർത്ഥമായി വ്യാജ സബ്സ്ക്രിപ്ഷനുകളും സേവനങ്ങൾക്കായി അനധികൃത ആവർത്തന പേയ്മെന്റുകളും സജ്ജമാക്കുന്നു. അങ്ങനെ ഉപയോക്താവിന്റെ സമ്മതമില്ലാതെ പണം പിൻവലിക്കപ്പെടുന്നു.
വഞ്ചിക്കപ്പെട്ടാൽ നിങ്ങൾ എന്തുചെയ്യണം?
1- നിങ്ങൾ തട്ടിപ്പ് കണ്ടെത്തിയാലുടൻ, ആദ്യം സ്കാമറുമായുള്ള എല്ലാ ആശയവിനിമയങ്ങളും നിർത്തുക. സൈബർ കുറ്റവാളികളുടെ ഇമെയിലുകള്ക്കോ സന്ദേശങ്ങള്ക്കോ കോളുകൾക്കോ ഒന്നും പ്രതികരിക്കരുത്. ഇതിനുശേഷം ഈ തട്ടിപ്പിനെക്കുറിച്ച് നിങ്ങളുടെ ബാങ്കിനെ അറിയിക്കുകയും അക്കൗണ്ട് വഴിയുള്ള എല്ലാ ഇടപാടുകളും മരവിപ്പിക്കാനും അഭ്യർഥിക്കുകയും വേണം.
2- ബാങ്കുമായി സംസാരിച്ച് നഷ്ടപ്പെട്ട ഫണ്ട് വീണ്ടെടുക്കാൻ ശ്രമിക്കുക. അജ്ഞാതരായ ഒരു വ്യക്തിക്കും നിങ്ങൾ അധിക വിവരങ്ങളൊന്നും നൽകരുതെന്ന് എപ്പോഴും ഓർമ്മിക്കുക. സംശയാസ്പദമായ ഇടപാടുകള് നടക്കുന്നുണ്ടോ എന്നറിയാന് നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനം നിരന്തരം പരിശോധിക്കുക. അനധികൃത വായ്പകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് നിങ്ങളുടെ സിബിൽ റിപ്പോർട്ടും പരിശോധിക്കുക.