‘ജാക്ക് ദി റിപ്പർ’ ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കാലത്ത് ലണ്ടന്‍ നഗരവാസികള്‍ക്ക് ജീവന് പോകുമായിരുന്നു. ഊരും പേരുമറിയാത്ത കൊലയാളി. സമാനരീതിയില്‍ കൊല്ലുപ്പെടുന്ന സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കപ്പെട്ടതോടെയാണ് നഗരത്തെ നടുക്കിയ അജ്ഞാതനായ കൊലയാളിയെ കുറിച്ചുള്ള കഥകള്‍ 1880 -കളിൽ ലണ്ടന്‍ നഗരം കീഴടക്കിയത്. 2014-ൽ, ആരോൺ കോസ്മിൻസ്കി എന്ന വ്യക്തിയാണ് ആ കൊലയാളിയെന്ന് അഭിപ്രായങ്ങൾ ഉയർന്നെങ്കിലും അതിനെ സ്ഥിരീകരിക്കുന്ന വ്യക്തമായ തെളിവുകളൊന്നും ലഭ്യമായിരുന്നില്ല. ജാക്ക് ദി റിപ്പർ കൊലപാതകങ്ങൾ മറവിയിലേക്ക് ആണ്ടു തുടങ്ങിയെങ്കിലും വർഷങ്ങള്‍ക്കിപ്പുറം നഗരത്തെ നടുക്കിയ ആ ഭീകരനായ കൊലയാളിയെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവസരം ലഭിച്ചു.
1888 നും 1891 നും ഇടയില്‍ നടത്തിയ അഞ്ച് കൊലപാതകങ്ങളാണ് സീരിയര്‍ കില്ലറുടേതായി രേഖപ്പെടുത്തിയത്. ഈ കൊലപാതക പരമ്പരകള്‍ വൈറ്റ്ചാപ്പല്‍ കൊലപാതകങ്ങള്‍ എന്നും അറിയപ്പെടുന്നു. കൊലപാതകിയെന്ന് അവകാശപ്പെട്ട് അജ്ഞാതനെഴുതിയ “ഡിയർ ബോസ് ലെറ്റര്‍” എന്ന കത്തില്‍ നിന്നുമാണ് “ജാക്ക് ദി റിപ്പർ” എന്ന പേര് വന്നത്. എന്നാല്‍ ഈ എഴുത്ത് വ്യാജമാണെന്നും ഇത് മാധ്യമ സൃഷ്ടിയാണെന്നും പലരും കരുതി. എന്നാല്‍, വൈറ്റ്ചാപ്പൽ വിജിലൻസ് കമ്മിറ്റിയിലെ ജോർജ്ജ് ലസ്കിന് ലഭിച്ച “ഫ്രം ഹെൽ ലെറ്റർ” എന്ന മറ്റൊരു കത്തില്‍ കൊലപ്പെടുത്തിയ ഒരു സ്ത്രീയുടെ വൃക്കയും ഉണ്ടായിരുന്നുവെന്ന വാര്‍ത്ത കൊലയാളിയെ കുറിച്ചുള്ള ഭയം വര്‍ദ്ധിപ്പിച്ചു. കൊലയാളിയുടെ അസാധാരണമായ ക്രൂര സ്വഭാവവും കുറ്റകൃത്യങ്ങളും വലിയ മാധ്യമ ശ്രദ്ധ നേടി.
റിപ്പറിന്റെ നാലാമത്തെ ഇര കാതറിൻ എഡോവ്സ് എന്ന സ്ത്രീയായിരുന്നു. 1888 സെപ്റ്റംബർ 30-നാണ് ഇവരെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതേ രാത്രി തന്നെ കൊലയാളി എലിസബത്ത് സ്ട്രൈഡ് എന്ന മറ്റൊരു സ്ത്രീയെയും കൊലപ്പെടുത്തിയിരുന്നു. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് അന്ന് പോലീസിന് ലഭിച്ച ഒരു ഷാൾ പിന്നീട് ലേലം ചെയ്യുകയുണ്ടായി. എഴുത്തുകാരനായ റസ്സൽ എഡ്വേർഡ്സ് ആണ് ഈ ഷാൾ വാങ്ങിയത്. ഷാളിൽ രക്തത്തിന്റെയും ശുക്ലത്തിന്റെയും പാടുകൾ വർഷങ്ങൾക്കിപ്പുറവും ഉണ്ടെന്ന് അവകാശപ്പെട്ട റസ്സൽ അത് ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചു. ഏറ്റവും സാധ്യതയുള്ള റിപ്പർ പ്രതിയായി അന്ന് ആരോപിക്കപ്പെട്ട ആരോൺ കോസ്മിൻസ്കിയുടെ രക്തവുമായി അത് പൊരുത്തപ്പെടുന്നതായി ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി. അതോടെ റസ്സൽ എഡ്വേർഡ്സ്, യഥാർത്ഥ കൊലപാതകി ആരോൺ കോസ്മിൻസ്കി തന്നെയാണ് വിശ്വസിച്ചു.
നെയിമിംഗ് ജാക്ക് ദി റിപ്പർ: ദി ഡെഫിനിറ്റീവ് റിവീൽ എന്ന പുസ്തകത്തിലൂടെ റസൽ തന്റെ അവകാശവാദങ്ങൾ പുറത്ത് വിട്ടു. ലണ്ടൻ സിഐഡിയുടെ തലവനായിരുന്ന ഡോ റോബർട്ട് ആൻഡേഴ്സണും ആരോൺ കോസ്മിൻസ്കിയാണ് ജാക്ക് ദി റിപ്പർ എന്ന് സംശയിക്കുന്നതായി പുസ്തകം അവകാശപ്പെടുന്നു. 1894 -ൽ പ്രസിദ്ധീകരിച്ച പോലീസ് റിപ്പോർട്ടുകൾ ഉദ്ധരിച്ച് റസൽ, കോസ്മിൻസിക്ക് സ്ത്രീകളോട്, പ്രത്യേകിച്ച് വേശ്യാവൃത്തി ചെയ്യുന്നവരോട് കടുത്ത വിദ്വേഷമുണ്ടെന്നും ശക്തമായ നരഹത്യാ പ്രവണതയുണ്ടെന്നും റസ്സൽ പുസ്തകത്തിൽ വ്യക്തമാക്കി. ആരോൺ കോസ്മിൻസ്കിയെ ചുറ്റിപ്പറ്റിയുള്ള ശക്തമായ സംശയങ്ങൾ ഉണ്ടായിരുന്നിട്ടും അയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. 1919-ൽ ഒരു അഭയകേന്ദ്രത്തിൽ വെച്ച് കോസ്മിൻസ്കി മരിച്ചു. പക്ഷേ, കാലങ്ങൾക്കിപ്പുറം ഇപ്പോഴും ഡിഎൻഎ തെളിവുകൾ ചർച്ചാവിഷയമായി തുടരുന്നു. 2015 ൽ കിഴക്കൻ ലണ്ടനിൽ ജാക്ക് ദി റിപ്പർ മ്യൂസിയം തുറന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 2021 ൽ ഗ്രീൻവിച്ചിൽ “ജാക്ക് ദി ചിപ്പർ” എന്ന പേരില്‍ രണ്ട് കട തുറന്നപ്പോഴും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.