മലപ്പുറം: ചിലർക്ക് കടം വീട്ടണം, മറ്റ് ചിലർക്ക് വീട് വെക്കണം. ഇത്തവണ മൺസൂൺ ബമ്പർ ടിക്കറ്റിലെ ഒന്നാം സമ്മാനമായ പത്ത് കോടി നേടിയ 11 വനിതകളിലെ ചിലരുടെ ആഗ്രഹങ്ങളാണിത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ്മ സേന പ്രവർത്തകർ കൂട്ടായി എടുത്ത ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. പെട്ടെന്നൊരു ദിവസം നിനച്ചിരിക്കാതെ കോടീശ്വരിമാർ ആയതിന്റെ സന്തോഷത്തിലാണ് ഇവർ. ‘സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോൾ വളരെയധികം സന്തോഷമായി. ഒന്നാം സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടേയില്ലെ’ന്ന് കൂട്ടത്തിലൊരാൾ പറഞ്ഞു. കൂട്ടത്തിലെ രാധയാണ് ടിക്കറ്റെടുത്തത്. നാലാമത്തെ തവണയാണ് ബമ്പർ ടിക്കറ്റെടുക്കുന്നത്. അതിൽ ഒരു തവണ 1000 രൂപ കിട്ടിയിരുന്നു. കിട്ടുന്ന പണം കൊണ്ട് എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ആദ്യം കിട്ടിയ ഉത്തരം ‘വീട് നന്നാക്കണം’ എന്നായിരുന്നു. പിന്നെ കടമുണ്ട് അതും വീട്ടണം. ഒരു പരാതിയും കൂടിയുണ്ട് ഇവർക്ക് പറയാൻ. ‘എല്ലാവരും ഞങ്ങളെ ആട്ടുമായിരുന്നു. എന്തിനാ ഇങ്ങോട്ട് വന്നെ? ആ പച്ചക്കുപ്പായക്കാരെ ഇനിയിങ്ങോട്ട് കയറ്റരുത് എന്നൊക്കെയാണ് പറയുന്നത്. 50 രൂപക്ക് വേണ്ടി ഞങ്ങൾ എത്ര ചീത്ത കേൾക്കണമെന്നറിയാമോ? കവറുകള് ഇസ്തിരിയിട്ട് തരണോന്നൊക്കെയാണ് ചോദിക്കാറ്.’ ഹരിത കർമ്മ സേനാംഗത്തിന്റെ പരാതിയിങ്ങനെ