ബംഗ്ലുരു : കർണാടകയിലെ 48 എംഎൽഎമാർ ഹണി ട്രാപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി കെ.എൻ. രാജണ്ണ നിയമസഭയിൽ വെളിപ്പെടുത്തി.ഭരണ, പ്രതിപക്ഷ എംഎൽഎമാർ ഇതിൽ ഉൾപ്പെടുന്നു. ദേശീയ പാർട്ടികളിലെ എംഎൽഎമാരും ഹണി ട്രാപ്പിന് ഇരയായി. തനിക്ക് നേരെയും ഹണി ട്രാപ്പിന് ശ്രമം നടന്നെന്ന് രാജണ്ണ വെളിപ്പെടുത്തി.
കർണാടക ഹണി ട്രാപ്പ് സിഡികളുടെയും പെൻ ഡ്രൈവുകളുടെയും ഫാക്ടറിയായി മാറിയെന്നും മന്ത്രി രാജണ്ണ ആരോപിച്ചു. ഇതിന്റെ നിർമാതാക്കളും സംവിധായകരും ആരൊക്കെയെന്ന് കണ്ടെത്താൻ പ്രത്യേക അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഒരു മന്ത്രിയെ കുടുക്കാൻ രണ്ട് തവണ ഹണി ട്രാപ്പ് ശ്രമം നടന്നതായി മന്ത്രി സതീഷ് ജർക്കിഹോളി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രഖ്യാപിച്ചു.
അതേസമയം ഭരണകക്ഷി എംഎൽഎമാരെ ഹണി ട്രാപ്പിൽ പെടുത്തിയത് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ഒരാളാണെന്ന് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ ആരോപിച്ചു.