മുംബൈ: മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. നാഗ്പൂരില്‍ രണ്ട് കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ. രോഗ ലക്ഷണങ്ങളോടെ ജനുവരി മൂന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കുട്ടികള്‍ ആശുപത്രി വിട്ടുവെന്നും വീട്ടിൽ നിരീക്ഷണത്തിലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. എച്ച്എംപിവി വൈറസിനെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും വ്യക്തമാക്കി.
നേരത്തെ ബെംഗളുരുവിൽ രണ്ടും, ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവും വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. കൊവിഡ് 19 പോലെ പുതിയൊരു വൈറസല്ലെന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ അറിയിച്ചു.
ആശങ്കപ്പെടേണ്ടതില്ലെന്ന് വീണാ ജോര്‍ജ്
ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.എച്ച്.എം.പി.വി. ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള പ്രായമായവര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, കിടപ്പ് രോഗികള്‍, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇന്‍ഫ്ളുവന്‍സ പോലെ തന്നെ എച്ച്.എം.പി.വി. വരാതിരിക്കാന്‍ മാസ്ക് ധരിക്കുന്നതാണ് അഭികാമ്യം. കൂടാതെ ശ്വാസകോശ അണുബാധയുള്ള ആളുകളില്‍ നിന്നും അകലം പാലിക്കുകയും വേണം. രോഗങ്ങളുള്ള സമയത്ത് കുട്ടികളെ സ്കൂളില്‍ വിടരുത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.