ദില്ലി : അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ അനുസ്മരിച്ച് ശശി തരൂർ എംപി. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് ഉഴലുമ്പോൾ, മൻമോഹൻ സിങ് ഇന്ത്യയെ സാമ്പത്തിക വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കൈപിടിച്ചു കയറ്റുകയായിരുന്നുവെന്ന് ശശി തരൂർ അനുസ്മരിച്ചു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും, ഭക്ഷ്യ ഭദ്രതാ നിയമവും, വിദ്യാഭ്യാസ അവകാശ നിയമവും, വിവരാവകാശ നിയമങ്ങളും മറ്റൊരു കാലഘട്ടത്തിലുമില്ലാത്തവണ്ണം ക്ഷേമ പദ്ധതികളിലൂടെ ജനങ്ങളെ ശാക്തീകരിച്ചു. അനേകം മഹായുദ്ധങ്ങൾ ജയിക്കുന്നതിലും ഉന്നതമായിരുന്നു സാമ്പത്തിക യുദ്ധവിജയമെന്നും മൻമോഹൻ സിങ് ഓർമ്മിച്ചു.
ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഡോ. മൻമോഹൻ സിംഗ്, ചരിത്രം താങ്കളോടല്ല ദയകാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്. വ്യാജചരിത്ര നിർമിതികൾ പരത്തുന്ന ഇരുട്ടിൽ സത്യത്തിൻ്റെ കെടാവിളക്കുകൾ തെളിയിച്ച്, അംബരചുംബിയായൊരു ദീപസ്തംഭമായി ,അങ്ങ് ചരിത്രത്തിനു വഴി കാട്ടുന്നു. താങ്കൾ ചരിത്രത്തിനു മുമ്പേ നടന്നയാളാണ്
ഡോ. സിംഗ്, താങ്കൾ ഞങ്ങളെ സാമ്പത്തിക വിപ്ലവത്തിൻ്റെ വഴിയിലൂടെ നയിച്ചു. അങ്ങയുടെ ഭരണത്തിൽ ഇന്ത്യ സാമ്പത്തിക രംഗത്ത് ലോകശക്തിയായി കൊണ്ടിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും സാമ്പത്തിക വളർച്ചയുടെ സദ്ഫലങ്ങൾ എത്തിക്കുവാൻ താങ്കൾക്ക് കഴിഞ്ഞു.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും, ഭക്ഷ്യ ഭദ്രതാ നിയമവും, വിദ്യാഭ്യാസ അവകാശ നിയമവും , വിവരാവകാശ നിയമങ്ങളും മറ്റൊരു കാലഘട്ടത്തിലുമില്ലാത്തവണ്ണം ക്ഷേമ പദ്ധതികളിലൂടെ ഞങ്ങളെ ശാക്തീകരിച്ചു.
ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് ഉഴലുമ്പോൾ, താങ്കൾ ഇന്ത്യയെ സാമ്പത്തിക വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കൈപിടിച്ചു കയറ്റുകയായിരുന്നു. അങ്ങയുടെ സാമ്പത്തിക മാന്ത്രികതയിൽ സർവ മേഖലയിലും ഇന്ത്യ കുതിച്ചുയർന്നപ്പോൾ ലോകനേതാക്കൾ അങ്ങയെ ആരാധനയോടെ കണ്ടു. സൗമ്യതയോടെ അതിവൈകാരികതയില്ലാതെ ഇന്ത്യയെ മുന്നോട്ടുനയിച്ച മൃദുഭാഷിയെങ്കിലും ദൃഢചിത്തനായ രാഷ്ട്രനേതാവായിരുന്നു താങ്കൾ.