ഇസ്ലാമാബാദ്: പാകിസ്ഥാൻ സിന്ധ് കാഷ്മോറിൽ ക്ഷേത്രം റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ച് തകർത്തതായി റിപ്പോർട്ട് . കറാച്ചിയിലെ 150 വർഷം പഴക്കമുള്ള മാരി മാതാ ക്ഷേത്രം തകർത്ത് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം. ഞായറാഴ്ച പുലർച്ചെയാണ് അക്രമികൾ റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ച് ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയത്. പാകിസ്ഥാനിലെ പ്രധാന പത്രമായ ഡോൺ ആണ് സംഭവം റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച കറാച്ചിയിലെ സോൾജിയർ ബസാറിലുള്ള 150 വർഷം പഴക്കമുള്ള മാരി മാതാ ക്ഷേത്രവും തകർത്തിരുന്നു.
കാഷ്മോറിൽ ഘൗസ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്ഷേത്രമാണ് തകർത്തത്. ക്ഷേത്രത്തിനും വീടുകൾക്കും നേരെ വെടിയുതിർത്തു. ആരാധനാലയത്തിന് നേരെ അക്രമികൾ റോക്കറ്റ് ലോഞ്ചറുകൾ പ്രയോഗിച്ചതായി പൊലീസ് പറഞ്ഞു. ആക്രമണ സമയത്ത് ക്ഷേത്രം അടച്ചിരുന്നുവെന്ന് പാകിസ്ഥാനിലെ പ്രമുഖ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രദേശത്ത് പൊലീസ് തിരച്ചിൽ നടത്തുകയാണ്.
എട്ട് മുതൽ ഒമ്പത് വരെ തോക്കുധാരികൾ അക്രമി സംഘത്തിലുണ്ടായിരുന്നെന്ന് പൊലീസ് ഉന്നതർ കണക്കാക്കി. അതേസമയം ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. സംഭവം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. സുരക്ഷക്കായി പൊലീസിനെ ഏർപ്പാടാക്കുകയും ചെയ്തു. സിന്ധിലെ കാഷ്മോർ, ഘോട്ട്കി ജില്ലകളിലെ ക്രമസമാധാന നില വഷളായതായതിൽ ആശങ്കയുണ്ടെന്ന് പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ (എച്ച്ആർസിപി) പറഞ്ഞു. ആയുധങ്ങൾ ഉപയോഗിച്ച് ആരാധനാലയങ്ങൾ ആക്രമിക്കുകയും ന്യൂനപക്ഷത്തെ ഭീഷണിപ്പെടുത്തിയതായും അസ്വസ്ഥജനകമായ റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചെന്ന് കമ്മീഷൻ സിന്ധ് ആഭ്യന്തര വകുപ്പിനോട് അറിയിച്ചു.