കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കാന് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നാല്‍, വ്യാവസായിക ലോകവും രാഷ്ട്രീയ നേതൃത്വങ്ങളും ഇക്കാര്യത്തില്‍ വേണ്ടെത്ര താത്പര്യമെടുത്തിരുന്നില്ല. ഒടുവില്‍ ശാസ്ത്രലോകത്തിന്റെ നിരന്തര ശ്രമഫലമായി 196 രാജ്യങ്ങള്‍ ചേര്‍ന്ന് 2015 ല്‍ യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസ് (COP21) പാരീസില്‍ വച്ച് സംഘടിപ്പിച്ചു. പാരീസ് ഉടമ്പടി എന്നറിയപ്പെടുന്ന ഈ ഒത്തുചേരല്‍ അന്തര്‍ദേശീയ തലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ആഗോള താപനത്തിന്റെ 1.5 ഡിഗ്രി സെല്‍ഷ്യസ് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടുന്നതിന് ലോക രാജ്യങ്ങളെ നിര്‍ബന്ധിച്ചു.
ലോകം എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിഞ്ഞ് നോക്കുമ്പോള്‍ പാരീസ് ഉടമ്പടിയുടെ അനിവാര്യതയും എന്നാല്‍ ഉടമ്പടി പ്രാവര്‍ത്തികമാക്കുന്നതില്‍ ലോകരാജ്യങ്ങളുടെ മെല്ലെ പോക്കും വ്യക്തമാണ്. ഇതിന്റെ പ്രത്യക്ഷ തെളിവുമായി കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കുവയ്ക്കപ്പെട്ടു. 17 തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ പരിചയസമ്പന്നനായ ഒരു ബ്രിട്ടീഷ് പർവതാരോഹകന്റെ വീഡിയോ nowthisnews എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് പങ്കുവയ്ക്കപ്പെട്ടത്. 17 വര്‍ഷത്തെ യാത്രയില്‍ നിന്നും തനിക്ക് വ്യക്തമായ ഒരു കാര്യം അദ്ദേഹം ആ വീഡിയോയില്‍ പങ്കുവയ്ക്കുന്നു. മെയ് 20 നാണ് കെന്റൺ കൂൾ (49) ഹിമാലയത്തില്‍ 17 -ാമത്തെ തവണ കീഴടക്കുന്നത്. ഹിമാലയൻ പർവതത്തിൽ എന്നത്തേക്കാളും കുറവ് മഞ്ഞുവീഴ്ചയാണെന്ന് കെന്റണ്‍ കൂള്‍ തന്റെ വീഡിയോയില്‍ പറയുന്നു.
‘നിങ്ങൾ 2000 കളുടെ മധ്യത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറവ് മഞ്ഞാണ് ഇപ്പോള്‍ ഹിമാലയത്തിലെന്നും പർവതത്തിൽ മഞ്ഞ് വീഴ്ച കുറവാണെന്നും ഇതിന് ഒരൊറ്റ കാരണം കണ്ടെത്തുക വെല്ലുവിളിയാണ്. എന്നാല്‍ ആഗോളതാപനവും പാരിസ്ഥിതിക മാറ്റങ്ങളും ഒരു ഘടകമാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാഠ്മണ്ഡുവിൽ വച്ച് റോയിട്ടേഴ്സിനോട് സംസാരിക്കവെയാണ് കെന്റണ്‍ കൂള്‍ തന്റെ നിരീക്ഷണം പങ്കുവച്ചത്. കഴിഞ്ഞ 100 വർഷത്തിനിടയിൽ ഭൂമിയുടെ താപനില ശരാശരി 0.74 ഡിഗ്രി സെൽഷ്യസ് വർധിച്ചപ്പോൾ, ‘ഹിമാലയത്തിൽ ഉടനീളമുള്ള ചൂട് ആഗോള ശരാശരിയേക്കാൾ കൂടുതലായെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.