ലോകത്തിലെ ഏറ്റവും ചെലവേറിയതെന്ന് വിശ്വസിക്കുന്ന ഒരു ഫംഗസ് ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയിലുള്ള ഹിമാലയൻ പർവതങ്ങളിൽ വളരുന്നുണ്ട്. വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള ഈ ഔഷധസസ്യത്തിന് ലക്ഷങ്ങളാണ് വില. ‘ഹിമാലയൻ വയാഗ്ര’ എന്ന് അറിയപ്പെടുന്ന ഇതിന്റെ പേര് കീഡ ജഡി അല്ലെങ്കിൽ യാർസഗുംബ എന്നാണ്. കാറ്റർപില്ലർ ഫംഗസ് അല്ലെങ്കിൽ കോർഡിസെപ്സ് സിനെൻസിസ് എന്നും ഇത് അറിയപ്പെടുന്നു.
വന്ധ്യത അടക്കം നിരവധി കാര്യങ്ങൾക്ക് മരുന്നാണ് ഇത് എന്ന് വിശ്വസിക്കുന്നവരുണ്ട്. ഇതുകൊണ്ട് തയ്യാറാക്കുന്ന ഔഷധം ലൈംഗിക ഉത്തേജനം ഉണ്ടാക്കും എന്ന് കരുതുന്നതിനാലാണ് ഇതിന് ഹിമാലയൻ വയാഗ്ര എന്ന പേര് വന്നത്. അതുപോലെ ക്ഷീണം ഇല്ലാതെയാക്കാനും മറ്റും സഹായിക്കും എന്ന് വിശ്വസിച്ച് ചായയിലും സൂപ്പിലും ഒക്കെ ഇതിട്ട് തിളപ്പിച്ച് കുടിക്കുന്നവരും ഉണ്ട്. എന്നാൽ, ഇതൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അപ്പർ ഡോൾപയിലെ ഗ്രാമവാസികളുടെ പ്രധാന വരുമാന സ്രോതസ് കൂടിയാണ് ഇത്.
ചൈനയിലാണ് പ്രധാനമായി ഇവ വളരുന്നത് എങ്കിലും ഇപ്പോൾ ചൈനയിൽ ഇതിന്റെ ഉത്പാദനം കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വർഷം ചൈനയിൽ നിന്നും ചില സൈനികർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതിന് കാരണമായി പറഞ്ഞിരുന്നത് ഈ സസ്യം ശേഖരിക്കാനാണ് എന്നായിരുന്നു. ഇന്ത്യയും ചൈനയും കൂടാതെ സിംഗപ്പൂർ, ഹോങ്കോങ്ങ് എന്നിവിടങ്ങളിലും ഈ ഫംഗസിന് ആവശ്യക്കാരേറെയാണ്.
ആ പ്രദേശങ്ങളിൽ നിന്നുള്ള വ്യാപാരികൾ നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു, ധാർചുല എന്നിവിടങ്ങളും ഇത് സ്വന്തമാക്കാൻ വേണ്ടി സന്ദർശിക്കാറുണ്ട്. മിക്കവാറും ഏജന്റുമാർ മുഖേനയാണ് വിദേശ വ്യാപാരികൾ ഇത് വാങ്ങുന്നത്. ഇത് വാങ്ങണമെങ്കിൽ ഒരു കിലോയ്ക്ക് ഏകദേശം 20 ലക്ഷം രൂപ വരെ ഇതിനായി മുടക്കേണ്ടി വരും.