ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആളിക്കത്തി മാസങ്ങള്‍ക്ക് ശേഷം, കര്‍ശനമായ വസ്ത്രധാരണ ചട്ടം ലംഘിക്കുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കഠിന തടവും പിഴയും ശിക്ഷ വിധിക്കുന്ന വിവാദ ബില്‍ ഇറാൻ പാര്‍ലമെന്റ് പാസാക്കി.
‘അനുചിതമായ’ വസ്ത്രം ധരിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വിചാരണ മൂന്ന് വര്‍ഷം വരെ നീളാം.ഗാര്ഡിയൻ കൗണ്‍സിലിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍, ബില്‍ നിയമമാകും. ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മത പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയുടെ മരണത്തില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട് ഒരു വര്‍ഷത്തിനുശേഷമാണ് ഈ നീക്കം.
ശരീഅത്ത് നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇറാനിയൻ നിയമപ്രകാരം, പ്രായപൂര്‍ത്തിയായ സ്ത്രീകളും പെണ്‍കുട്ടികളും ഹിജാബ് ഉപയോഗിച്ച് മുടി മറയ്ക്കുകയും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. നിലവില്‍ നിയമം അനുസരിക്കാത്തവര്‍ക്ക് 10 ദിവസം മുതല്‍ രണ്ട് മാസം വരെ തടവോ 5,000 മുതല്‍ 500,000 റിയാല്‍ വരെ പിഴയോ ലഭിക്കും. പൊതുസ്ഥലങ്ങളില്‍ ‘അനുചിതമായി’ വസ്ത്രം ധരിക്കുന്നവര്‍ക്ക് പീനല്‍ കോഡ് അനുസരിച്ച് അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവും 180 ദശലക്ഷം മുതല്‍ 360 ദശലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷയും ലഭിക്കുമെന്ന് പുതിയ ‘ഹിജാബ്, സദാചാര’ ബില്ലില്‍ പറയുന്നു.
സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും നഗ്നത പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഹിജാബിനെ പരിഹസിക്കുന്നവര്‍ക്കും ശിക്ഷ ബാധകമാണെന്ന് ബില്ലില്‍ പറയുന്നു. വനിതാ ഡ്രൈവര്‍മാരുള്ള വാഹനങ്ങളില്‍ അവരോ മറ്റ് യാത്രക്കാരോ ഉചിതമായ വസ്ത്രം ധരിച്ചില്ലെങ്കില്‍, വാഹനങ്ങളുടെ ഉടമകള്‍ക്ക് പിഴ ചുമത്താമെന്നും ബില്‍ നിര്‍ദേശിക്കുന്നതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ബില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പൂര്‍ണമായും അടിച്ചമര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്നതാണെന്ന് ആരോപിച്ച് എട്ട് സ്വതന്ത്ര യുഎൻ മനുഷ്യാവകാശ വിദഗ്ധര്‍ രംഗത്തെത്തി
സംഘടിതമായ രീതിയിലോ വിദേശ സര്‍ക്കാരുകളുടെയോ മാധ്യമങ്ങളുടെയോ ഗ്രൂപ്പുകളുടെയോ സംഘടനകളുടെയോ ഭാഗമായോ അവയുമായി സഹകരിച്ചോ ഡ്രസ് കോഡ് ലംഘിക്കുന്ന ആരെയും അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവിന് ശിക്ഷിക്കാം. പുരോഹിതരുടെയും നിയമജ്ഞരുടെയും യാഥാസ്ഥിതിക സംഘടനയായ ഗാര്ഡിയൻ കൗണ്‍സിലിന്റെ അംഗീകാരത്തിനായി ബില്‍ അയയ്ക്കും. ഭരണഘടനയ്ക്കും ശരീഅത്തിനും വിരുദ്ധമാണെന്ന് കണ്ടെത്തിയാല്‍, ബില്‍ വീറ്റോ ചെയ്യാനും അവര്‍ക്ക് അധികാരമുണ്ട്.
എന്നാല്‍, ബില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പൂര്‍ണ്ണമായും അടിച്ചമര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്നതാണെന്ന് ആരോപിച്ച് ഈ മാസം ആദ്യം, എട്ട് സ്വതന്ത്ര യുഎൻ മനുഷ്യാവകാശ വിദഗ്ധര്‍ രംഗത്തെത്തി. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള തീരുമാനം അടിച്ചമര്‍ത്തലിനുപരി അക്രമാസക്തമായ നടപ്പാക്കല്‍ രീതികളിലേക്ക് നയിച്ചേക്കാമെന്നും അവര്‍ പറയുന്നു.
സാംസ്കാരികമായ അവകാശം, ലിംഗവിവേചന നിരോധനം, അഭിപ്രായ സ്വാതന്ത്ര്യം, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം, സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങള്‍, സഞ്ചാര സ്വാതന്ത്ര്യം എന്നിവയുള്‍പ്പെടെയുള്ള മൗലികാവകാശങ്ങളും ബില്‍ ലംഘിക്കുന്നതായി അവര്‍ അഭിപ്രായപ്പെട്ടു.
ഇറാൻ ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളില്‍ പ്രതിഷേധ സൂചകമായി, തെരുവിലിറങ്ങിയ സ്ത്രീകള്‍ ശിരോവസ്ത്രം അഴിക്കുകയും അവ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സുരക്ഷാ സേന നടത്തിയ അടിച്ചമര്‍ത്തല്‍ പിന്നീട് കലാപത്തിലേക്ക് നയിക്കുകയായിരുന്നു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളില്‍ നടന്ന തീവ്രമായ പ്രക്ഷോഭങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭങ്ങള്‍ ഒതുങ്ങിയതിന് ശേഷം, തെരുവുകളില്‍ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കുകയും സദാചാര പോലീസിങ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ശിരോവസ്ത്രം ധരിക്കുന്ന സ്ത്രീകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.