തൃശൂർ: തൃശൂര്‍ പൂരം അലങ്കോലമാക്കിയെന്നാരോപിച്ചുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തൃശൂർ സിറ്റി പൊലീസ് കമീഷണറായിരുന്നു അങ്കിത് അശോകിനെതിരെ നടപടി വേണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ കൊച്ചി ദേവസ്വം ബോർഡ് അടക്കം എതിർകക്ഷികളുടെ വിശദീകരണം തേടിയിട്ടുണ്ട്. ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍, തൃശൂർ സ്വദേശി പി സുധാകരന്‍ എന്നിവർ നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണയിൽ ഉള്ളത്.
പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയിൽ ആക്കിയതെന്ന് വലിയ വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞതെന്ന് അന്നത്തെ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എടുത്തുകൊണ്ടു പോടാ പട്ട എന്നടക്കം ആക്രോശിച്ചുകൊണ്ട് കമ്മീഷണർ കയർക്കുന്നതടക്കം ദൃശ്യങ്ങളിൽ കാണാമായിരുന്നു. തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പൊലീസ് തടഞ്ഞിരുന്നു. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണർ നൽകിയ വിശദീകരണം. ഇക്കാര്യങ്ങളെല്ലാം ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ വരും.