ലഹരി ഉപയോഗത്തില്‍ എപ്പോഴും മുൻപന്തിയിലുള്ള രാജ്യമാണ് അമേരിക്ക. നമ്മുടെ നാട്ടില്‍ പറഞ്ഞുകേട്ടിട്ട് പോലുമില്ലാത്ത തരം ലഹരിമരുന്നുകളുടെ സങ്കേതമാണ് പല അമേരിക്കൻ തെരുവുകളും. ലഹരി ഓവര്‍ഡോസ് ആയതിന് പിറകെ ആരോഗ്യപ്രശ്നങ്ങളുമായി തുടരുന്നവരും മരണത്തിന് വരെ കീഴടങ്ങുന്നവരും ഇവിടെ ഒട്ടേറെയാണ്.ഇപ്പോള്‍ അമേരിക്കയിലെ തെരുവുകള്‍ കീഴടക്കുന്നത് പുതിയൊരു ലഹരിയാണെന്നാണ് റിപ്പോര്‍ട്ട്. ‘ക്സൈലാസൈൻ’ അല്ലെങ്കില്‍ ‘ട്രാൻക്’ എന്നാണിതിന്റെ പേര്. മൃഗങ്ങളെ മയക്കുന്നതിനായാണത്രേ ശരിക്ക് ഇതുപയോഗിക്കാറ്.
എന്നാലിത് മനുഷ്യരും ഉപയോഗിച്ചുതുടങ്ങിയിരിക്കുകയാണ്. ഉപയോഗിച്ച് തുടങ്ങിയെന്ന് മാത്രമല്ല പലയിടങ്ങളിലും വൻ മാര്‍ക്കറ്റാണത്രേ ഈ കൊടിയ ലഹരിപദാര്‍ത്ഥത്തിന് ഇപ്പോളുള്ളത്. എപ്പോഴും ഉറക്കം, അധികം ശ്വാസമെടുക്കാതിരിക്കല് എന്നിവയാണ് ഇതിന്റെ പ്രത്യേകത.
നിരന്തരം ഈ ലഹരി ഉപയോഗിച്ചാല്‍ തൊലിപ്പുറത്ത് ചെറിയ വ്രണങ്ങള്‍ വന്നുതുടങ്ങുമത്രേ. പിന്നീട് ഈ വ്രണങ്ങള്‍ പഴുത്ത്- ചീഞ്ഞുതുടങ്ങും. മറ്റിടങ്ങളിലേക്കും മുറിവ് വ്യാപിക്കും. ഇത്തരത്തിലുള്ള കേസുകളും ഇവിടെ വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നിലവില്‍ ആശുപത്രികളില്‍ ശരീരത്തില്‍’ട്രാൻക്’ അംശം കണ്ടെത്തുന്നതിന് പ്രത്യേകമായ പരിശോധനകളില്ല എന്നത് ഇതിന്റെ ഉപയോഗം കണ്ടെത്തുന്നതിന് തടസമാകുന്നുണ്ട്.
അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യരെ ‘സോമ്പികള്‍’ ആക്കുന്ന ലഹരിയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.’സോമ്പികള്‍’ എന്നാല്‍ കാഴ്ചയ്ക്ക് തന്നെ പേടിപ്പെടുത്തുന്ന രൂപങ്ങള്‍ പോലെയെന്നാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്. തൊലിപ്പുറത്ത് വ്രണങ്ങള്‍ വന്ന് ചീഞ്ഞളിയുന്ന അവസ്ഥയെ ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ലഹരിക്കെതിരെ അധികൃതര്‍ കര്‍ശനമായ നടപടിയെടുക്കണമെന്ന ആവശ്യമാണ് യുഎസില്‍ ഉയരുന്നത്.
കാര്യമായും യുവാക്കളാണ് ഇതിന്റെ ഉപയോക്താക്കള്‍ എന്നതും ശ്രദ്ധേയമാണ്. നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇതിന്റെ വില്പന നടക്കുന്നത്. വളരെ ചെറിയ വിലയ്ക്ക് ഒരു ബാഗില്‍ ഇത് ലഭിക്കുമെന്നതും വില്പന കുത്തനെ ഉയരാൻ കാരണമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.