റോം: അത്യുഷ്ണം പിടിമുറുക്കിയ യൂറോപ്പില്‍ സാധാരണ ജീവിതം ദുരിതമയമാക്കി ചുടുകാറ്റും കാട്ടുതീയും. ഇന്നലെ ചൂട് 46 ഡിഗ്രി കടന്ന ഇറ്റലിയില്‍ റോം ഉള്‍പ്പെടെ 23 നഗരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഗ്രീക് തലസ്ഥാനമായ ആതൻസില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും കാട്ടുതീ പടരുന്നത് ആശങ്ക ഇരട്ടിയാക്കി. തീയണക്കാൻ രാത്രിയും പകലും ശ്രമം തുടരുന്നുണ്ടെങ്കിലും കാറ്റടിച്ചുവീശുന്നത് സ്ഥിതി ഗുരുതരമാക്കുകയാണ്. ഏഷ്യയില്‍ ചൈനയടക്കം രാജ്യങ്ങളിലും ചൂട് ക്രമാതീതമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയിലും കഴിഞ്ഞ ദിവസങ്ങളില്‍ ഉഷ്ണം പിടിമുറുക്കിയിരുന്നു.
അതേസമയം, സ്പെയിനില്‍ ഉഷ്ണതരംഗ തീവ്രത കുറഞ്ഞുവരുന്നതായാണ് കാലാവസ്ഥ വിഭാഗം അറിയിക്കുന്നത്. ഗ്രീസിന് സമാനമായി നേരത്തെ കാട്ടുതീ പടര്‍ന്നുപിടിച്ച സ്പെയിനിലെ ലാ പാല്‍മ ദ്വീപില്‍ അഞ്ചുദിവസത്തിനുശേഷം തീ നിയന്ത്രണവിധേയമായിട്ടുണ്ട്. ഇവിടങ്ങളില്‍ വീടുകളില്‍ തിരിച്ചുപോകാൻ അധികൃതര്‍ അനുമതി നല്കി. ഇവിടം മാത്രം 8700 ഏക്കര്‍ ഭൂമി അഗ്നിവിഴുങ്ങിയിരുന്നു. 20 വീടുകളും ചാമ്ബലായി.