യൂറോപ്പിന് പിന്നാലെ യു.എസ്, ജപ്പാൻ എന്നിവിടങ്ങളില്‍ താപനില ഗുരുതരമായി ഉയരുന്നത് ആശങ്കയാകുന്നു. യു.എസില്‍ കാലിഫോര്‍ണിയ മുതല്‍ ടെക്സസ് വരെ അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരും ദിവസങ്ങളില്‍ പാരമ്യത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്.
അരിസോണയിലെ ഫീനിക്സില്‍ കഴിഞ്ഞ 16 ദിവസമായി 43 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില. ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ കാലിഫോര്‍ണിയയിലെ ഡെത്ത്വാലിയില്‍ താപനില 54 ഡിഗ്രി സെല്‍ഷ്യസ് എത്തുമെന്നാണ് മുന്നറിയിപ്പ്. ഇവിടെ ശനിയാഴ്ച 48 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. തെക്കൻ കാലിഫോര്‍ണിയയില്‍ കാട്ടുതീ വ്യാപകമാകുന്നുണ്ട്.
റിവര്‍സൈഡ് കൗണ്ടിയില്‍ 3,000ത്തിലേറെ ഏക്കര്‍ പ്രദേശം കത്തിനശിച്ചു. യൂറോപ്പില്‍ ഇറ്റലിയിലാണ് കൊടുംചൂട് കൂടുതല്‍ ദുരിതംവിതയ്ക്കുന്നത്. റോമില്‍ ഇന്ന് 40 ഡിഗ്രി സെല്‍ഷ്യസും നാളെ 43 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തുമെന്നാണ് പ്രവചനം. 2007 ഓഗസ്റ്റില്‍ അനുഭവപ്പെട്ട 40.5 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് റോമില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന താപനില. ഫ്രാൻസിന്റെ ചില ഭാഗങ്ങളില്‍ വരള്‍ച്ച അനുഭവപ്പെടുന്നത് കാര്‍ഷിക മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.
സ്പെയിനിലെ കാനറി ഐലൻഡ്സില്‍ ചൂട് ബുധനാഴ്ചയ്ക്കകം 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയേക്കും. കാനറി ഐലൻഡ്സിലെ ലാ പാല്‍മയില്‍ 4,500 ഹെക്ടറിലേറെ പ്രദേശവും നിരവധി വീടുകളും കാട്ടുതീയില്‍ നശിച്ചു. 4,000ത്തിലേറെ പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചു. കിഴക്കൻ ജപ്പാനില്‍ ഇന്ന് 39 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടുമെന്ന് കരുതുന്നു. 20 പ്രവിശ്യകളില്‍ സൂര്യാഘാത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഹിറോനോ, നാസുഷിയോബാരാ തുടങ്ങിയ പട്ടണങ്ങളില്‍ ഇന്നലെ 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു ചൂട്. ഇതിനിടെ വടക്കൻ ജപ്പാനില്‍ ശക്തമായ മഴയും അനുഭവപ്പെടുന്നു.