ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചൂടേറിയ ആഴ്ചയാണ് ജൂലൈ തുടക്കത്തിലേതെന്ന് ലോക കാലാവസ്ഥാ സംഘടന.ജൂണ്‍ മാസവും കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ലോകവ്യാപകമായുള്ള കാലാവസ്ഥാ വ്യതിയാനവും എല്‍ നിനോ പ്രതിഭാസത്തിന്റെ തുടക്കവുമാണ് ജൂലൈ ആദ്യവാരത്തെ ചൂടൻ ആഴ്ച. അതേസമയം, കാലവര്‍ഷം ശക്തമായ സ്ഥലങ്ങളില്‍ ഈ ചൂട് അനുഭവപ്പെട്ടില്ല.
കാലാവസ്ഥാ വ്യതിയാനം ലോകരാജ്യങ്ങളെ പലവിധത്തില്‍ ബാധിക്കുകയാണെന്ന് ലോക കാലാവസ്ഥാ സംഘടന ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ഇതുവരെ സ്പെയിനില്‍ വരള്‍ച്ച, ചൈനയിലും യു.എസിലും ഉഷ്ണതരംഗം തുടങ്ങിയ കടുത്ത സാഹചര്യങ്ങളുണ്ടായി.
‘പ്രാഥമിക വിവരങ്ങള്‍ പ്രകാരം ലോകത്തെ ഏറ്റവും ചൂടേറിയ ആഴ്ചയാണ് കടന്നുപോയത്. കരയിലും സമുദ്രത്തിലും ഒരേപോലെ ചൂട് കൂടി. ഇത് പ്രകൃതിയിലും ആവാസവ്യവസ്ഥയിലും വിനാശകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും’ -ലോക കാലാവസ്ഥാ സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
സമുദ്രോപരിതലത്തിലെ ചൂട് മേയിലും ജൂണിലും റെക്കാഡ് നിലയിലായിരുന്നു. ഉപരിതലത്തില്‍ മാത്രമല്ല, സമുദ്രങ്ങള്‍ക്ക് മുഴുവനായി ചൂടു കൂടുകയാണെന്നും ഈ അവസ്ഥ വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്നും ക്രിസ്റ്റഫര്‍ ഹെവിറ്റ് ചൂണ്ടിക്കാട്ടുന്നു. സമുദ്രങ്ങള്‍ ഇങ്ങനെ ചൂടാകുകയാണെങ്കില്‍ അന്തരീക്ഷത്തിലും സമുദ്രത്തിലെ മഞ്ഞുപാളികളിലും ലോകത്തെ മറ്റ് മഞ്ഞുമലകളിലും ഇതിന്റെ പ്രത്യാഘാതമുണ്ടാകും.
കാലാവസ്ഥാ വ്യതിയാനം നിയന്ത്രണാതീതമായിരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഇപ്പോള്‍ കാണുന്നതെന്ന് യു.എൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. പരിഹാര നടപടികള്‍ ഇനിയും വൈകുകയാണെങ്കില്‍ വിനാശകരമായ സാഹചര്യത്തിലേക്ക് നീങ്ങും -അദ്ദേഹം മുന്നറിയിപ്പ് നല്കി.